ഇടുക്കി: തൊടുപുഴ ഗ്രാമ്പിയില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ വൈകുന്നേരം ആറുവരെ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
കാലാവസ്ഥ അനുകൂലമാണെങ്കില്‍ ദൗത്യം രാവിലെ തന്നെ പുനരാരംഭിക്കുമെന്ന് കോട്ടയം ഡിഎഫ്ഒ എന്‍. രാജേഷ് അറിയിച്ചു. ഗ്രാമ്പി എസ്റ്റേറ്റിന്റെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവയുള്ളത്. കാലിലെ പരിക്ക് ഗുരുതരമായതിനാല്‍ രണ്ട് ദിവസമായി കടുവ ഇവിടെ തന്നെ തുടരുകയാണ്. ഏതാനും മീറ്റര്‍ മാത്രമാണ് കടുവ സഞ്ചരിച്ചിട്ടുള്ളത്. തനിയെ നടന്ന് കൂട്ടില്‍ കയറാനാകില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണ് മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചത്.
വനംവകുപ്പ് വെറ്ററിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെക്കാനായി എത്തിയിട്ടുണ്ട്. എരുമേലി റേഞ്ച് ഓഫീസര്‍ കെ. ഹരിലാലിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് കൂട്ടില്‍ വെച്ച് ചികിത്സ നല്‍കാനാണ് തീരുമാനം.
അതേസമയം തൃശൂര്‍ ചിറങ്ങരയില്‍ വീട്ടുമുറ്റത്ത് ചങ്ങലയില്‍ പൂട്ടിയിട്ടിരുന്ന വളര്‍ത്തു നായയെ പിടിച്ചു കൊണ്ടുപോയത് പുലി തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പരിശോധനയില്‍ പുലിയുടേതിന് സമാനമായ കാല്‍പാടുകള്‍ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാല്‍പാടുകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് ശസ്ത്രക്രിയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പരിശോധനയ്ക്ക് ശേഷം മാത്രമേ ഏതു തരം പുലിയാണെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. ലക്ഷണം കൃത്യമായി ബോധ്യപ്പെട്ടാല്‍ മേഖലയില്‍ പുലിയെ പിടികൂടാനുള്ള പ്രത്യേക അനുമതിയോടെ കൂട് സ്ഥാപിക്കും. വരും ദിവസങ്ങളില്‍ മേഖലയില്‍ പരിശോധന തുടരുമെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍. ലക്ഷ്മി അറിയിച്ചു.
ചിറങ്ങര റെയില്‍വേ ഗേറ്റിന് സമീപം പൊങ്ങം ഭാഗത്തേക്ക് പോകുന്ന റോഡില്‍ പണ്ടാരിക്കല്‍ ധനേഷിന്റെ വീടിന്റെ അടുക്കള ഭാഗത്ത് പൂട്ടിയിട്ട നായക്കുട്ടിയെയാണ് വെള്ളിയാഴ്ച രാത്രയോടെ പുലി കൊണ്ടു പോയത്. നായയുടെ കരച്ചില്‍ കേട്ട് എത്തി വീട്ടുകാര്‍ നിരീക്ഷണ കാമറ പരിശോധിച്ചതോടെയാണ് നായയെ പുലി കൊണ്ടു പോയ ദൃശ്യം വ്യക്തമായത്. ചിറങ്ങരയില്‍ പുലിയെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.
ഇതിനിടെ കോനൂര്‍ ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. വനമേഖലയില്‍ നിന്ന് 17 കിലോമീറ്റര്‍ ദൂരമുള്ള ചിറങ്ങരയില്‍ പുലി എങ്ങനെ എത്തിയെന്നാണ് ആശങ്ക. കാടുകയറി കിടക്കുന്ന പ്രദേശങ്ങള്‍ ഓട്ടേറെയുള്ളതിനാല്‍ പുലി പതുങ്ങിയിരിക്കാന്‍ സാധ്യതയുള്ളയും ഭീതി വര്‍ധിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.