ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകള്‍. ഇന്തോ-കനേഡിയന്‍ വംശജയായ അനിത ആനന്ദും ഡല്‍ഹിയില്‍ ജനിച്ച കമല്‍ ഖേരയുമാണ് കാര്‍ണി മന്ത്രിസഭയിലുള്ളത്. 24 അംഗ മന്ത്രിസഭയില്‍ 11 പേര്‍ സ്ത്രീകളാണ്.
ആരോഗ്യ വകുപ്പ് മന്ത്രിയാണ് മുപ്പത്താറുകാരിയായ കമല്‍ ഖേര. ഇന്നൊവേഷന്‍, ശാസ്ത്രം, വ്യവസായം എന്നിവയുടെ ചുമതലക്കാരിയാണ് അന്‍പത്തെട്ടുകാരിയായ അനിത ആനന്ദ്. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മന്ത്രിസഭയിലും ഇരുവരും വ്യത്യസ്ത വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.
ഡല്‍ഹിയില്‍ ജനിച്ച കമല്‍ ഖേര, സ്‌കൂള്‍ പഠന കാലത്ത് തന്നെ കുടുംബത്തടൊപ്പം കാനഡയിലേക്ക് താമസം മാറി. പിന്നീട് ടൊറന്റോയിലെ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സയന്‍സ് ബിരുദം നേടി. നഴ്സ്, കമ്മ്യൂണിറ്റി വളണ്ടിയര്‍, രാഷ്ട്രീയ പ്രവര്‍ത്തക എന്നീ നിലകളിലായിരുന്നു പ്രവര്‍ത്തനം. 2015 ല്‍ ബ്രാംപ്ടണ്‍ വെസ്റ്റില്‍ നിന്നാണ് പാര്‍ലമെന്റ് അംഗമായി ഖേര ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീകളില്‍ ഒരാളുകൂടിയാണ് അവര്‍. മുന്‍പ് മുതിര്‍ന്ന പൗരന്മാരുടെ മന്ത്രി, അന്താരാഷ്ട്ര വികസന മന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി, ദേശീയ റവന്യൂ മന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി, ആരോഗ്യ മന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ട്രൂഡോയുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ മുന്നിലുണ്ടായിരുന്ന വ്യക്തിയായിരുന്നു അനിത ആനന്ദ്. എന്നാല്‍ താന്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുന്നില്ലെന്ന് അവര്‍ ഒരുഘട്ടത്തില്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
നോവ സ്‌കോട്ടിയയില്‍ ജനിച്ചു വളര്‍ന്ന അനിത 1985 ല്‍ ഒന്റാറിയോയിലേക്ക് താമസം മാറി. ഓക്ക്വില്ലെയില്‍ നിന്നാണ് അവര്‍ ആദ്യമായി പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് ട്രഷറി ബോര്‍ഡിന്റെ പ്രസിഡന്റായും ദേശീയ പ്രതിരോധ മന്ത്രിയായും പൊതു സേവന, സംഭരണ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഒമ്പത് വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെയാണ് കാര്‍ണി പരാജയപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.