അപകടം മുന്‍കൂട്ടി കണ്ട് ഹൈക്കമാന്‍ഡ്; തിരഞ്ഞെടുപ്പ് ചുമതല പ്രിയങ്കയെ ഏല്‍പ്പിക്കും: എഐയിലും അരക്കൈ നോക്കാനൊരുങ്ങി കോണ്‍ഗ്രസ്

അപകടം മുന്‍കൂട്ടി കണ്ട് ഹൈക്കമാന്‍ഡ്; തിരഞ്ഞെടുപ്പ് ചുമതല പ്രിയങ്കയെ ഏല്‍പ്പിക്കും: എഐയിലും അരക്കൈ നോക്കാനൊരുങ്ങി കോണ്‍ഗ്രസ്

കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇതിന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതല പ്രിയങ്ക ഗാന്ധി എംപിയെ ഏല്‍പിക്കാനാണ് നീക്കം.

കെപിസിസി നേതൃത്വത്തിലെ ഉള്‍പ്പോരും വിഭാഗീയതയും കണക്കിലെടുത്താണ് പ്രചാരണ നേതൃത്വം പ്രിയങ്കയെ ഏല്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പ്രിയങ്ക ഗാന്ധിയെ അറിയിച്ചു.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് കേരളത്തില്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഏറെ ഗൗരവമായാണ് ഹൈക്കമാന്‍ഡ് വീക്ഷിക്കുന്നത്. വീണ്ടും തോല്‍വി ഏറ്റുവാങ്ങിയാല്‍ അത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.

എന്നാല്‍ ഏറെ നിര്‍ണായകമായ തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സാഹചര്യത്തിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ അഭിപ്രായ ഭിന്നതകളിലും ഉള്‍പ്പോരിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്.

മാത്രമല്ല, മൂന്നാം വട്ടവും പിണറായി സര്‍ക്കാര്‍ എന്ന പ്രചാരണം സിപിഎം ആരംഭിച്ചു കഴിഞ്ഞു. ഇതിനെ ഫലപ്രദമായി ചെറുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നുമില്ല.

ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല വയനാട് എംപി പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കാന്‍ ആലോചനയുയര്‍ന്നത്. പ്രചാരണത്തിനായി പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും.

ഈ കമ്മിറ്റിയാകും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക. കഴിഞ്ഞ മാസം കേരളത്തിലെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധിയും സജീവമായി പങ്കെടുത്തു. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭിന്നത തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് യുഡിഎഫ് ഘടക കക്ഷികള്‍ ദിപദാസ് മുന്‍ഷിയുമായുള്ള കൂടിക്കാഴ്ചയില്‍ ആശങ്ക അറിയിച്ചിരുന്നു.

മുതിര്‍ന്ന നേതാക്കളായ കെ. സുധാകരന്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവരെല്ലാം വിരുദ്ധ ധ്രുവങ്ങളില്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രമല്ല, മുന്നണിയുടെയും കെട്ടുറപ്പിനെ ബാധിക്കും. യുഡിഎഫിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്നും ഘടക കക്ഷി നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.

കൂടാതെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പഠിക്കാന്‍ നിയോഗിച്ച സുനില്‍ കനഗോലു, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി നീങ്ങിയില്ലെങ്കില്‍ വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ ഇടതു പക്ഷം മൂന്നാം തവണയും അധികാരം നിലനിര്‍ത്തുമെന്ന റിപ്പോര്‍ട്ടാണ് കനഗോലു നല്‍കിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനപ്രിയരായ സീനിയര്‍ നേതാക്കളെ മത്സര രംഗത്തിറക്കിനാണ് ആലോചന. മുന്‍ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍, മുന്‍മന്ത്രി എന്‍. ശക്തന്‍ തുടങ്ങിയവര്‍ പരിഗണനയിലുണ്ട്.

തുടര്‍ച്ചയായി കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലുമില്ലാത്ത കോഴിക്കോട് മുല്ലപ്പള്ളിയെ കളത്തിലിറക്കിയാല്‍ ജില്ലയില്‍ കോണ്‍ഗ്രസിന് ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍. തൃശൂര്‍ ജില്ലയില്‍ വി.എം സുധീരന്‍, തിരുവനന്തപുരത്ത് എന്‍. ശക്തന്‍, കെ മുരളീധരന്‍ തുടങ്ങിയവരെയും സ്ഥാനാര്‍ത്ഥികളാക്കിയേക്കും.

ശക്തന്‍ വീണ്ടും മത്സരിച്ചാല്‍ കഴിഞ്ഞ തവണ നഷ്ടമായ നാടാര്‍ വോട്ടുകള്‍ തിരിച്ചു പിടിക്കാനായേക്കുമെന്നാണ് കണക്കുകൂട്ടല്‍. സീനിയര്‍ നേതാക്കള്‍ക്ക് പുറമെ പൊതുസമ്മരായ പ്രമുഖരെയും മത്സര രംഗത്തിറക്കാന്‍ ഹൈക്കമാന്‍ഡിന് ആലോചനയുണ്ട്.

ഇതിനെല്ലാം പുറമേ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് എഐ (നിര്‍മിത ബുദ്ധി)യുടെ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തും. ഇത് സംബന്ധിച്ച് നേതാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കും എഐയില്‍ പരിശീലന ക്ലാസ് നല്‍കും. പിന്നീട് നേതാക്കളുടെ താല്‍പര്യം അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ പരിശീലനം നല്‍കാനാണ് ഉദേശിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ നേതാക്കള്‍ക്ക് എഐയില്‍ പരിശീലനം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.