കോടതി ഉത്തരവിറങ്ങാന്‍ വൈകി; വെനസ്വേലന്‍ മാഫിയ സംഘത്തെ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തി അമേരിക്ക

കോടതി ഉത്തരവിറങ്ങാന്‍ വൈകി; വെനസ്വേലന്‍ മാഫിയ സംഘത്തെ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തി അമേരിക്ക

വാഷിങ്ടണ്‍: വെനസ്വേലന്‍ തടവുകാരും കുപ്രസിദ്ധ അന്താരാഷ്ട്ര മാഫിയ സംഘമായ 'ട്രെന്‍ ദെ അരാഗ്വ' സംഘത്തില്‍ പെട്ടവരുമായ 238 പേരെ അമേരിക്ക നാടുകടത്തി.

എല്‍ സാല്‍വദോറിലെ കുപ്രസിദ്ധ ജയിലായ ടെററിസം കണ്‍ഫൈന്‍മെന്റ് സെന്ററിലേക്കാണ് ഇവരെ മാറ്റിയത്. ഇവര്‍ക്കൊപ്പം എം.എസ് 13 എന്ന അന്താരാഷ്ട്ര മാഫിയ ഗാങില്‍ പെട്ടവരായ 23 പേരെയും എല്‍ സാല്‍വദോറിലേക്ക് മാറ്റിയിട്ടുണ്ട്. ഫോറിന്‍ എനിമീസ് ആക്ട് ഉപയോഗിച്ചുള്ള നാടുകടത്തലിനെതിരായ കോടതി ഉത്തരവ് പുറത്തിറങ്ങും മുന്‍പേ ഇവരുമായുള്ള വിമാനം പറന്നുയര്‍ന്നു.

ഇവരെ രാജ്യത്തേക്ക് കൊണ്ടുവന്ന കാര്യം എല്‍ സാല്‍വദോര്‍ പ്രസിഡന്റാണ് വെളിപ്പെടുത്തിയത്. എന്നാല്‍ അമേരിക്കയോ എല്‍ സാല്‍വദോറോ നാടുകടത്തപ്പെട്ടവരുടെ കുറ്റകൃത്യ പശ്ചാത്തലങ്ങളെപ്പറ്റി വെളിപ്പെടുത്തിയിട്ടില്ല. അമേരിക്ക യുദ്ധത്തിലേര്‍പ്പെടുന്ന സമയത്ത് മാത്രം ഉപയോഗിച്ചിരുന്ന ഫോറിന്‍ എനിമീസ് ആക്ട് ഉപയോഗിച്ചാണ് ഇവരെ നാടുകടത്തിയത്.

ഒരുവര്‍ഷത്തേക്ക് ഇവരെ ജയിലില്‍ പാര്‍പ്പിക്കുമെന്നും വേണ്ടി വന്നാല്‍ തടവ് കാലം വര്‍ധിപ്പിക്കുമെന്നും എല്‍ സാല്‍വദോര്‍ പ്രസിഡന്റ് വ്യക്തമാക്കി. ഇവരെ ജയിലില്‍ പാര്‍പ്പിക്കാനുള്ള ചെലവ് അമേരിക്ക വഹിക്കും. അമേരിക്കയെ സംബന്ധിച്ചിടത്തോളം അത് ചെറിയ തുകയാണെങ്കിലും തങ്ങള്‍ക്കത് വലിയ തുകയാണെന്ന് അദേഹം സമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

1798 ലാണ് യുദ്ധ കാലത്ത് ഉപയോഗിക്കാനുള്ള ഈ നിയമം അമേരിക്ക കൊണ്ടു വന്നത്. ഏലിയന്‍ എനിമീസ് ആക്ട് എന്ന ഈ നിയമം ഇതിന് മുമ്പ് രണ്ടാം ലോക യുദ്ധ കാലത്താണ് ഉപയോഗിച്ചിട്ടുള്ളത്. ഈ നിയമം പുനരുജീവിപ്പിച്ച് വെനസ്വേലന്‍ മാഫിയ സംഘത്തില്‍പെട്ട കുറ്റവാളികളെ നാടുകടത്തുമെന്ന് ശനിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.


ഇതിനെതിരെ യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് ജെയിംസ് ബോസ്ബെര്‍ഗ് ഉത്തരവിറക്കി. 14 ദിവസത്തേക്കാണ് തടവുകാരെ നാടുകടത്താനുള്ള നീക്കത്തിന് തടയിട്ടത്. എന്നാല്‍ അതിനുമുമ്പ് തന്നെ ഇവരെ സര്‍ക്കാര്‍ നാടുകടത്തുകയും ചെയ്തു.

നാടുകടത്തലിനെതിരെ സമര്‍പ്പിച്ച കേസില്‍ വാദം നടക്കവേ നാടുകടത്തല്‍ നീക്കം ആരംഭിച്ചതായും തടവുകാരുമായി വിമാനം ടേക്ക് ഓഫ് ചെയ്തതായും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് വിമാനം തിരികെ ഇറക്കാനുള്ള ഉത്തരവ് വാക്കാല്‍ നല്‍കിയെങ്കിലും ഉത്തരവ് രേഖാമൂലം നല്‍കിയപ്പോള്‍ അതില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 7.25 നാണ് കോടതിക്ക് മുമ്പില്‍ ഹര്‍ജിയെത്തിയത്. എന്നാല്‍ ഉത്തരവിറങ്ങാന്‍ സമയം വൈകിയതിനാല്‍ അത് നടപ്പിലായില്ല. കോടതി ഉത്തരവിറങ്ങിയ സമയത്ത് തടവുകാരെയും വഹിച്ചുള്ള വിമാനം രാജ്യത്തിന്റെ അതിര്‍ത്തി കടന്നിരുന്നു.

തടവുകാരെ നാടുകടത്തുന്നതിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എ.സി.എല്‍.യു) ആണ് കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ഇവര്‍ ആരോപിച്ചു. എന്നിരുന്നാലും കോടതി ഉത്തരവിനെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ നടപടിക്കെതിരെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍, വെനസ്വേലന്‍ സര്‍ക്കാര്‍ എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി. എല്‍ സാല്‍വദോറിലെ ടെററിസം കണ്‍ഫൈന്‍മെന്റ് സെന്ററില്‍ 40,000 ആളുകളെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളുണ്ട്.

മനുഷ്യാവകാശ ലംഘനങ്ങളുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഈ ജയിലിന് നേരെ മുമ്പുയര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ട്രെന്‍ ദെ അരഗ്വാ, എംഎസ് 13 എന്നീ സംഘടനകളെ വിദേശ ഭീകരവാദ സംഘടനകളായി പ്രഖ്യാപിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.