സുനിതയും വില്‍മോറും ഇന്ത്യന്‍ സമയം നാളെ രാവിലെ 8.15 ന് യാത്ര തിരിക്കും; ബുധനാഴ്ച പുലര്‍ച്ചെ 3.27 ന് ഫ്‌ളോറിഡ തീരത്തിറങ്ങും: ലൈവ് സംപ്രേക്ഷണമൊരുക്കി നാസ

സുനിതയും വില്‍മോറും ഇന്ത്യന്‍ സമയം നാളെ രാവിലെ  8.15 ന് യാത്ര തിരിക്കും; ബുധനാഴ്ച പുലര്‍ച്ചെ 3.27 ന്  ഫ്‌ളോറിഡ തീരത്തിറങ്ങും: ലൈവ്  സംപ്രേക്ഷണമൊരുക്കി നാസ

ഫ്‌ളോറിഡ: ബഹിരാകാശ യാത്രികരായ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്ക യാത്രയുടെ സമയം പുറത്തു വിട്ട് നാസ. ഇതുപ്രകാരം ഇന്ത്യന്‍ സമയം നാളെ രാവിലെ 8.15 ന് മടക്ക യാത്ര ആരംഭിക്കും. ബുധനാഴ്ച പുലര്‍ച്ചെ 3.27 ന് യാത്രികര്‍ ഫ്‌ളോറിഡ തീരത്ത് ഇറങ്ങും.

നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനേവ് എന്നീ ബഹിരാകാശ യാത്രികരും ഇവര്‍ക്കൊപ്പമുണ്ടാകും. ഫ്‌ളോറിഡ തീരത്തിന് സമീപം അറ്റ്ലാന്റിക് സമുദ്രത്തിലാകും യാത്രികരെ വഹിച്ചുകൊണ്ടുള്ള പേടകം ഇറങ്ങുക.

എന്നാല്‍ കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ മടക്ക യാത്രയുടെ കൃത്യമായ സമയം പാലിക്കാനാകൂവെന്നും നിലവില്‍ ബഹിരാകാശ നിലയത്തിലെ ഡ്യൂട്ടികള്‍ ഹാന്‍ഡ് ഓവര്‍ ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും നാസ വ്യക്തമാക്കി.സുനിതയുടേയും സംഘത്തിന്റെയും മടക്കയാത്ര ലൈവ് സംപ്രേക്ഷണം ചെയ്യുമെന്നും നാസ അറിയിച്ചു.

അതിനിടെ സുനിത വില്യംസും ബുച്ച് വില്‍മോറും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറയുന്ന വിഡിയോ ഇലോണ്‍ മസ്‌ക് പങ്കുവെച്ചു. യാത്രികരെ തിരിച്ചെത്തിക്കുന്നതിന് മുന്നോടിയായി സ്‌പേസ് എക്‌സ് പേടകം ഡ്രാഗണ്‍ ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇന്നലെ എത്തിയിരുന്നു.

നാസ ബഹിരാകാശ യാത്രികരായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാക്‌സ (ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി) ബഹിരാകാശ യാത്രിക തകുയ ഒനിഷി, റോസ്‌കോസ്മോസ് ബഹിരാകാശ യാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നീ നാല് ബഹിരാകാശ സഞ്ചാരികളാണ് ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഇവര്‍ ആറ് മാസം ബഹിരാകാശ നിലയത്തില്‍ തുടരും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.