സ്നേഹിക്കുന്നതിനും മറ്റുള്ളവർക്കായി പ്രാർത്ഥിക്കുന്നതിനും ശരീരത്തിന്റെ ബലഹീനത തടസമാകരുത്: രോഗക്കിടക്കയിൽ നിന്നും ഞായറാഴ്ച സന്ദേശവുമായി വീണ്ടും മാർപാപ്പ

സ്നേഹിക്കുന്നതിനും മറ്റുള്ളവർക്കായി പ്രാർത്ഥിക്കുന്നതിനും ശരീരത്തിന്റെ ബലഹീനത തടസമാകരുത്: രോഗക്കിടക്കയിൽ നിന്നും ഞായറാഴ്ച സന്ദേശവുമായി വീണ്ടും മാർപാപ്പ

വത്തിക്കാൻ സിറ്റി: ത്രികാലജപ പ്രാർത്ഥന നയിക്കാൻ സാധിക്കാതെ അഞ്ച് ആഴ്ചകളായി ആശുപത്രിയിൽ തുടരുകയാണെങ്കിലും ഞായറാഴ്ച സന്ദേശത്തിന് മുടക്കം വരുത്താതെ ഫ്രാൻസിസ് മാർപാപ്പ. ദൈവം നമ്മെ ഒരിക്കലും കൈവിടില്ലെന്നും നമ്മുടെ ക്ലേശകാലങ്ങളിൽ തന്റെ സ്നേഹത്തിൻ്റെ കിരണങ്ങൾ പ്രതിഫലിപ്പിക്കുന്നവരെ അവിടുന്ന് നമ്മുടെ അരികിലേക്ക് അയക്കുമെന്നും തൻ്റെ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. ആശുപത്രികളും മറ്റു രോഗീപരിചരണ കേന്ദ്രങ്ങളും പ്രത്യാശയുടെ പൊൻകിരണങ്ങളാൽ പ്രഭ ചൊരിയുന്ന ഇടങ്ങളാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഞായറാഴ്ചത്തെ ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ച് നൽകാറുള്ള സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇക്കാര്യങ്ങൾ എടുത്തുപറഞ്ഞത്. കൂടുതൽ ധ്യാനിക്കാനായി ലഭിച്ച ഒരു അവസരമായിട്ടാണ് ഇപ്പോൾ താൻ അനുഭവിക്കുന്ന പരീക്ഷണ കാലഘട്ടത്തെ പാപ്പാ വിശേഷിപ്പിച്ചത്.

ലൂക്കായുടെ സുവിശേഷത്തിൽ, യേശുവിന്റെ രൂപാന്തരീകരണത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗമാണ് ഈ ആഴ്ചത്തെ ധ്യാനചിന്തകൾ പങ്കുവയ്ക്കാനായി ഫ്രാൻസിസ് പാപ്പാ ആധാരമാക്കിയത്. രൂപാന്തരീകരണ രഹസ്യത്തിൽ യേശു പ്രാർത്ഥനയിൽ മുഴുകുന്നതും തുടർന്ന്, അവിടുത്തെ തിരുമുഖം തേജോമയമാകുതും നാം ധ്യാനിക്കുന്നു. ഈ അടയാളത്തിലൂടെ തൻ്റെ അനന്തമായ സ്നേഹത്തിന്റെ പ്രകാശമാണ് യേശു ശിഷ്യർക്കു മുമ്പിൽ വെളിപ്പെടുത്തിയത് - പാപ്പാ വിശദീകരിച്ചു.

രോഗാവസ്ഥയിൽ ആയിരിക്കുന്ന താനും മറ്റനേകരും കടന്നുപോകുന്ന പരീക്ഷണ കാലഘട്ടത്തെ ഇതോടു ബന്ധപ്പെടുത്തി പരിശുദ്ധ പിതാവ് അനുസ്മരിച്ചു. നമ്മുടെ ശരീരങ്ങൾ ബലഹീനമാണെങ്കിലും സ്നേഹിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും മറ്റുള്ളവർക്ക് സ്വയം ദാനമായി നൽകുന്നതിനും അത് തടസ്സമാകരുത്. അങ്ങനെ, പരസ്പരം പ്രത്യാശയുടെ തിളങ്ങുന്ന അടയാളങ്ങളാകാൻ വിശ്വാസത്തിൽ നമുക്ക് കഴിയണം - പാപ്പാ പറഞ്ഞു.

ദൈവസ്നേഹത്തിന്റെ കിരണങ്ങളെ പ്രതിഫലിപ്പിക്കുന്നവരാകുക

ആശുപത്രികളിലും മറ്റു പരിചരണ കേന്ദ്രങ്ങളിലും വിളങ്ങി ശോഭിക്കുന്ന പ്രകാശം സ്നേഹത്തിൻ്റേതാണ്. എളിയ ശുശ്രൂഷകളാണ് അവിടങ്ങളിൽ നിർവഹിക്കപ്പെടുന്നത്. നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്തവനും ക്ലേശകാലങ്ങളിൽ സ്നേഹത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കുന്നവരെ നമ്മുടെ അരികിലേക്ക് അയക്കുന്നവനുമായ കർത്താവിനെ തന്നോടൊപ്പം പ്രകീർത്തിക്കാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.

തനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച്, കുട്ടികൾക്കും ജമേല്ലി ആശുപത്രിയിൽ വന്ന് അടുപ്പമറിയിച്ചവർക്കും മാർപാപ്പാ നന്ദി പറഞ്ഞു. 'പാപ്പാ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളെ കാണാൻ ഞാൻ എപ്പോഴും കാത്തിരിക്കുന്നു' - പാപ്പാ പറഞ്ഞു.

സമാധാനത്തിനും സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കണം

പതിവുപോലെ, പ്രാർത്ഥനകളോടെയാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്. ആദ്യമായി, ലോകമെമ്പാടും സമാധാനം പുലരാനും പ്രത്യേകിച്ച്, യുദ്ധത്താൽ മുറിവേറ്റവരും പീഡനമനുഭവിക്കുന്നവരുമായ ഉക്രെയ്ൻ, പാലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാൻമർ, സുഡാൻ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്കുവേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു. സിനഡൽ യാത്ര നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ സഭയ്ക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്ന് പാപ്പാ ഏവരോടും അഭ്യർത്ഥിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.