വാഷിങ്ടന്‍: ഉക്രെയ്നില്‍ താല്‍കാലിക വെടിനിര്‍ത്തലിന് വഴങ്ങി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഉക്രെയ്നില്‍ 30 ദിവസത്തെ പൂര്‍ണമായ വെടിനിര്‍ത്തല്‍ ആവശ്യം ട്രംപ് മുന്നോട്ട് വെച്ചെങ്കിലും പുടിന്‍ നിരസിച്ചു.
ഉക്രെയ്ന്റെ ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ പുടിന്‍ സമ്മതിച്ചു. ഉക്രെയ്നുള്ള സൈനിക സഹായം പാശ്ചാത്യ രാജ്യങ്ങള്‍ പൂര്‍ണമായി നിര്‍ത്തിയ ശേഷമെ ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാകൂ എന്ന് പുടിന്‍ നിലപാടെടുക്കുകയായിരുന്നു.
ഉക്രെയ്‌നുള്ള വിദേശ സൈനിക സഹായവും രഹസ്യാന്വേഷണ സഹായവും അവസാനിച്ചാല്‍ മാത്രമേ സമഗ്രമായ ഒരു വെടിനിര്‍ത്തല്‍ ഫലപ്രദമാകൂ എന്ന് പുടിന്‍ വ്യക്തമാക്കി. എന്നാല്‍ ഈ ആവശ്യം ഉക്രെയ്നെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ തളളിയിരുന്നു. അതേസമയം ഉക്രെയ്ന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ തുടരുമെന്ന് മിഡില്‍ ഈസ്റ്റിലെ യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.
രണ്ട് മണിക്കൂറോളമാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം നീണ്ടതെന്നാണ് വിവരം. അതേസമയം സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മൂന്ന് വര്‍ഷമായി നീളുന്ന റഷ്യ ഉക്രെയ്ന്‍ യുദ്ധം പൂര്‍ണ വെടിനിര്‍ത്തലിലേക്കും സമാധാന കരാറിലേക്കും നീങ്ങുമെന്നും വൈറ്റ് ഹൗസ് പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.