സ്പേസ് എക്സിന്റെ അടുത്ത ദൗത്യം ഈ വര്‍ഷം തന്നെ; ഇന്ത്യന്‍ സഞ്ചാരി ശുഭാന്‍ഷു ശുക്ലയടക്കം നാല് പേര്‍ ബഹിരാകാശ നിലയത്തിലേക്ക്

സ്പേസ് എക്സിന്റെ അടുത്ത ദൗത്യം ഈ വര്‍ഷം തന്നെ; ഇന്ത്യന്‍ സഞ്ചാരി ശുഭാന്‍ഷു ശുക്ലയടക്കം നാല് പേര്‍  ബഹിരാകാശ നിലയത്തിലേക്ക്

ഫ്‌ളോറിഡ: എട്ട് ദിവസത്തെ ദൗത്യത്തിനായി പോയി ഒമ്പത് മാസത്തിലധികം ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചു കൊണ്ടുവന്ന ക്രൂ 9 ദൗത്യത്തിന് ശേഷം ചരിത്രം കുറിക്കുന്ന മറ്റൊരു ദൗത്യത്തിനുള്ള ഒരുക്കം തുടങ്ങി സ്പേസ് എക്സ്.

ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി സ്പേസ്എക്സ് പേടകത്തില്‍ ബഹിരാകാശ യാത്ര ചെയ്യാനൊരുങ്ങുകയാണ്. 2025 മാര്‍ച്ചിനും ജൂണിനും ഇടയിലായിരിക്കും ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ശുഭാന്‍ഷു ശുക്ലയുള്‍പ്പെടുന്ന ദൗത്യ സംഘവുമായി ആക്സിയം മിഷന്‍ 4 ദൗത്യം വിക്ഷേപിക്കുക.

ഒരു സ്വകാര്യ ബഹിരാകാശ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിക്കുന്ന ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാകും ശുഭാന്‍ഷു ശുക്ല. നാസയുടെ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്ന് വിക്ഷേപിക്കുന്ന ദൗത്യം 14 ദിവസത്തേക്കാണ്.

നാസയുടെ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള സാവോസ് ഉസ്നാന്‍സ്‌കി വിശ്നിയേവ്സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടൈബോര്‍ കാപു എന്നിവരാണ് ശുക്ലയ്ക്കൊപ്പം ആക്സിയം മിഷന്‍ 4 ല്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്ന മറ്റ് യാത്രികര്‍.

ആക്സിയം മിഷന്‍ 4 ദൗത്യത്തില്‍ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി പങ്കെടുക്കുന്നത് വഴി ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള തയ്യാറെടുപ്പിന് ആവശ്യമായ ഒട്ടേറെ വിവരങ്ങളും അനുഭവ പരിചയവും ഇന്ത്യയ്ക്ക് ലഭിക്കും.

ടെക്സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പേസ് ആണ് ആക്സിയം മിഷന്‍ 4 സംഘടിപ്പിക്കുന്നത്. വാണിജ്യ ഉപയോക്താക്കളുമായി ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയ കമ്പനിയാണ് ആക്സിയം സ്പേസ്. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.