'എല്ലാം അവിടുന്ന് നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു': യേശു ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റു പറഞ്ഞുള്ള വില്‍മോറിന്റെ ബഹിരാകാശ ഇന്റര്‍വ്യൂ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'എല്ലാം അവിടുന്ന് നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു': യേശു ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റു പറഞ്ഞുള്ള വില്‍മോറിന്റെ ബഹിരാകാശ ഇന്റര്‍വ്യൂ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫ്‌ളോറിഡ: ഒന്‍പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിതാ വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പെടെയുള്ള നാലംഗ സംഘം ഇന്ന് ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

നാസ ശാസ്ത്രജ്ഞരുടെ മടക്കയാത്ര സുരക്ഷിതമാകണം എന്നായിരുന്നു ലോകത്തിന്റെ പ്രാര്‍ത്ഥന. അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പ് ബഹിരാകാശ നിലയത്തില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ബുച്ച് വില്‍മോര്‍ ഏറ്റു പറഞ്ഞത് യേശു ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു.

ഒന്‍പത് മാസത്തെ ബഹിരാകാശത്തെ വാസം എന്ത് ജീവിത പാഠമാണ് നല്‍കിയതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് രക്ഷകനായ യേശു ക്രിസ്തുവിനെയും അവിടുത്തെ മഹത്തായ പദ്ധതിയെയും വിശുദ്ധ ഗ്രന്ഥത്തെയും പ്രത്യേകം സൂചിപ്പിച്ചായിരുന്നു വില്‍മോറിന്റെ മറുപടി.

'ഈ ചോദ്യത്തോട് സത്യസന്ധമായി മറുപടി പറയാന്‍ എനിക്കു കഴിയും. ഇതിനെക്കുറിച്ചുള്ള എന്റെ ചിന്ത എന്റെ വിശ്വാസത്തിലേക്ക് പോകുന്നു. അത് എന്റെ കര്‍ത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അവിടുന്ന് തന്റെ പദ്ധതിയും ലക്ഷ്യങ്ങളും മനുഷ്യരാശിയിലുടനീളം തന്റെ മഹത്വത്തിനായി പ്രവര്‍ത്തിക്കുന്നു. അത് നമ്മുടെ ജീവിതത്തില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നത് പ്രധാനപ്പെട്ടതുമാണ്. എന്നിരുന്നാലും, അത് സംഭവിക്കുന്നു.

'അവിടുന്ന് എല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നതിനാല്‍ ഞാന്‍ സംതൃപ്തനാണ്. ചില കാര്യങ്ങള്‍ നല്ലതിനാണ്. ഹെബ്രായര്‍ 11-ാം അധ്യായത്തിലേക്ക് നോക്കുക.

ചില കാര്യങ്ങള്‍ നമ്മള്‍ക്ക് വ്യത്യസ്തമായി തോന്നുന്നു. അത്ര നല്ലതായിരിക്കില്ല അത്. പക്ഷേ എല്ലാം അവിടുന്ന് നന്മയ്ക്കായി, വിശ്വസിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്നു... അതാണ് ഉത്തരം'- ബുച്ച് വില്‍മോര്‍ പറഞ്ഞു.

'വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്' എന്ന് തുടങ്ങുന്ന പൂര്‍വികരുടെ വിശ്വാസത്തെ പറ്റിയാണ് ഹെബ്രായര്‍ 11-ാം അധ്യായത്തില്‍ വിവരിക്കുന്നത്.

ക്രിസ്തുവിലുള്ള പ്രത്യാശയും അവനിലുള്ള വിശ്വാസവും ഏറ്റുപറഞ്ഞ ബുച്ച് വില്‍മോറിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ക്രിസ്തു വിശ്വാസം പ്രഘോഷിച്ചുള്ള അദേഹത്തിന്റെ ബഹിരാകാശ സന്ദേശം ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ് ഫോമുകളില്‍ നിന്ന് നിരവധിയാളുകളാണ് ഷെയര്‍ ചെയ്യുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.