കോണ്‍ഗ്രസ് ഭരണം ബിജെപി അട്ടിമറിക്കുമെന്ന് രാഹുല്‍; നേതൃത്വം ദുര്‍ബലമെന്ന് വിമത നേതാക്കള്‍; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നു

കോണ്‍ഗ്രസ് ഭരണം ബിജെപി അട്ടിമറിക്കുമെന്ന് രാഹുല്‍;  നേതൃത്വം ദുര്‍ബലമെന്ന് വിമത നേതാക്കള്‍; പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നു

ചെന്നൈ: തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ലാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബിജെപി ഭരണം അട്ടിമറിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നല്ല ആളുകളെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടും കാര്യമില്ല. ചെറിയ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ എത്തിയാല്‍ ബിജെപി അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പണം മാത്രമല്ല മാധ്യമങ്ങളും ജുഡീഷ്യറിയും പോലും അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഭരണം അട്ടിമറിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണ് ബിജെപി. ഇത്തരം ഒരു സ്വാധീനത്തിനും വഴങ്ങാത്ത വിധം സത്യസന്ധനായതുകൊണ്ടാണ് ബിജെപി തന്നെ ഇത്രമാത്രം കടന്നാക്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നോടിയായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ വിമര്‍ശനം.

ഇതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തിരുത്തല്‍ വാദികളായ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോണ്‍ഗ്രസ് നേതൃത്വവുമായി കഴിഞ്ഞ ഒരു വര്‍ഷമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ജി 23 എന്നാല്‍ ഗാന്ധി 23 എന്നാണെന്ന് സംഘത്തിലെ അംഗമായ രാജ് ബബ്ബാര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘമല്ല ഇതെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ജി 23 ആഗ്രഹിക്കുന്നതെന്നുമാണ് തിരുത്തല്‍വാദി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. രാജ്യസഭയില്‍ നിന്നും വിരമിച്ച ഗുലാം നബി ആസാദിന് സ്വീകരണം നല്‍കാനെന്ന പേരില്‍ ശ്രീനഗറില്‍ ഇവര്‍ ഇന്നലെ പൊതുയോഗം സംഘടിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് യോഗത്തില്‍ കപില്‍ സിബല്‍ ആരോപിച്ചു. ജനാല ചാടി വന്നവരല്ല താനുള്‍പ്പെടെയുള്ള നേതാക്കളെന്നും താന്‍ കോണ്‍ഗ്രസുകാരനാണോ എന്ന് മറ്റുള്ളവര്‍ നിശ്ചയിക്കേണ്ടെന്നും ആനന്ദ് ശര്‍മ്മ തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ നല്ല കാലം കണ്ടവരാണ് തങ്ങളെന്നും തങ്ങള്‍ക്ക് വയസാകുമ്പോള്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ രാജ്യസഭ എംപി ഗുലാം നബി ആസാദ്, മുന്‍ കേന്ദ്ര മന്ത്രിമാരായ ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, എംപി വിവേക് തന്‍ഘ, എഐസിസി ഭാരവാഹികളായ മുകുള്‍ വാസ്‌നിക്, ജിതേന്ദ്ര പ്രസാദ്, മുതിര്‍ന്ന നേതാക്കളായ ഭുപീന്ദര്‍ സിംഗ് ഹൂഡ, രാജേന്ദ്ര കൗര്‍ ഭട്ടാല്‍, എം വീരപ്പ മൊയ്‌ലി, പൃഥ്വിരാജ് ചൗഹാന്‍, പി ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബര്‍, അരവിന്ദ് സിംഗ് ലവ്‌ലി, കൗള്‍ സിംഗ് ഠാക്കൂര്‍, അഖിലേഷ് പ്രസാദ് സിംഗ്, കുല്‍ദീപ് ശര്‍മ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത് എന്നിവരാണ് ജി 23 ഗ്രൂപ്പിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.