കുലാലംപൂർ: 2014 കാണാതായ മലേഷ്യൻ എയർലൈൻസ് എം എച്ച് 370 വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിക്കുന്നു. മറൈൻ റോബോട്ടിക്സ് കമ്പനിയാണ് വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങുന്നത്. 227 യാത്രക്കാരും 12 ജീവനക്കാരുമായാണ് വിമാനം അപ്രത്യക്ഷമായത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ പ്രദേശത്ത് വിമാനം തകർന്ന് വീണതായാണ് വിലയിരുത്തല്‍.
ലോകത്തിന്റെ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരുഹതകളിലൊന്നായി ഇന്നും ഈ അപകടം തുടരുകയാണ്. വിമാനത്തിനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങാൻ അനുമതി നൽകിയെന്ന് മലേഷ്യൻ ഗതാഗത മന്ത്രി ആന്റണി ലോകെ അറിയിച്ചു. നേരത്തെ യുഎസിന്റെ നേതൃത്വത്തിലും എം എച്ച് 370 വിമാനം കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തിയിരുന്നു.
2018ലാണ് ഇതിന് മുമ്പ് വിമാനത്തിനായി തുടങ്ങിയ പരിശോധന അവസാനിപ്പിച്ചത്. വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടർന്ന് കുടുംബാംഗങ്ങളുടെ ആശങ്കകൾക്ക് വിരാമമിടാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മലേഷ്യൻ ഗതാഗത മന്ത്രി പറഞ്ഞു. 70 മില്യൺ ഡോളർ നൽകിയാണ് ഓഷ്യൻ ഇൻഫിനിറ്റി തിരച്ചിൽ നടത്തുക.
എന്നാൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രമേ മലേഷ്യ പണം നൽകുകയുള്ളു. 2018ൽ ഓഷ്യൻ ഇൻഫിനിറ്റി നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 15,000 സ്ക്വയർ കിലോമീറ്റർ പ്രദേശത്തായിരിക്കും വിമാനത്തിനായി തിരച്ചിൽ നടത്തുകയെന്നാണ് വിവരം. വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനകം തന്നെ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ ഓഫായിരുന്നു. മിലിറ്ററി റഡാറുകളിൽ വിമാനം മലേഷ്യയിലേക്ക് തിരികെ പറന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് വിമാനത്തെ കുറിച്ച് ആര്‍ക്കും ഒരു വിവരവും ലഭിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.