പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയും ഭാര്യ ജാക്വിലിനും.
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി 1963 ല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ട്രംപ് ഭരണകൂടം ഇന്നലെ പുറത്തു വിട്ടത് കെന്നഡി വധം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ്.
മുമ്പ് രഹസ്യമാക്കി വച്ചിരുന്ന 80,000 പേജുള്ള രേഖകള്‍ തിരുത്തലുകളൊന്നും വരുത്താതെ പ്രസിദ്ധീകരിക്കുന്നതായി യു.എസ് നാഷനല്‍ ഇന്റലിജന്‍സ് (ഡി.എന്‍.ഐ) ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെ ഓഫിസാണ് അറിയിച്ചത്. യു.എസ് നാഷനല്‍ ആര്‍ക്കൈവ്സ് വെബ്സൈറ്റില്‍ നിന്ന് ഈ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
കെന്നഡിയുടെ വധം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ തന്നെ നടത്തിയതാണെന്ന ഊഹാപോഹങ്ങള്‍ക്ക് അടിവരയിരുന്നതാണ് ഈ രേഖകള്‍ ഏറെയും. ഇതില്‍ സോവിയറ്റ് യൂണിയന്റെ ഇന്റലിജന്‍സ്-സുരക്ഷാ ഏജന്‍സിയായ കെ.ജി.ബിയുടെ പങ്കും ആരോപിക്കപ്പെട്ടിരുന്നുവെങ്കിലും സി.ഐ.എയുടെ പങ്കിനെ സാധൂകരിക്കുന്നതാണ് പുതിയ സൂചനകള്‍.
അമേരിക്കയുടെ മുപ്പത്തഞ്ചാമത് പ്രസിഡന്റായ ജോണ്‍ എഫ്. കെന്നഡി 1963 നവംബര്‍ 22 ന് ഡള്ളാസിലേക്കുള്ള സന്ദര്‍ശനത്തിനിടെ തുറന്ന കാറില്‍ സഞ്ചരിക്കവെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഭാര്യ ജാക്വിലിനും ഒപ്പമുണ്ടായിരുന്നു. അദേഹത്തിന്റെ വാഹനവ്യൂഹം ഡൗണ്ടൗണിലേക്കുള്ള പരേഡ് പൂര്‍ത്തിയാക്കുമ്പോള്‍ ടെക്‌സസ് സ്‌കൂള്‍ ബുക്ക് ഡിപ്പോസിറ്ററി കെട്ടിടത്തില്‍ നിന്നാണ് വെടി വയ്പുണ്ടായത്.
ഉടന്‍ തന്നെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് 24 കാരനായ ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഇയാളുടെ ജയില്‍ മാറ്റത്തിനിടെ ഒരു നൈറ്റ് ക്ലബ് ഉടമയായ ജാക്ക് റൂബി, ഓസ്വാള്‍ഡിനെ വെടിവെച്ചു കൊലപ്പെടുത്തി.
ടെക്‌സസിലേക്ക് മടങ്ങുന്നതിന് മുമ്പ് സോവിയറ്റ് യൂണിയനിലേക്ക് കൂറുമാറിയ ഒരു മുന്‍ മറൈന്‍ ആയിരുന്നു കെന്നഡിയെ വെടിവെച്ച ഓസ്വാള്‍ഡ്. ഇത് കെ.ജി.ബിയുടെ പങ്കിനെക്കുറിച്ചുള്ള സംശയമുയര്‍ത്തി.
പിന്നീട് വന്ന പ്രസിഡന്റ് ലിന്‍ഡണ്‍ ബി. ജോണ്‍സണ്‍ നിയോഗിച്ച വാറന്‍ അന്വേഷണ കമീഷന്‍ ഓസ്വാള്‍ഡ് ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്നും ഗൂഢാലോചനക്ക് തെളിവുകളില്ലെന്നുമുള്ള നിഗമനത്തിലെത്തി.
എന്നാല്‍ ഇതിനെ സാധൂകരിക്കുന്നവയല്ല പുതുതായി പുറത്തിറങ്ങിയ ഫയലുകളിലെ റിപ്പോര്‍ട്ടുകളും സാക്ഷി മൊഴികളും. കമീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കെന്നഡിയുടെ വാഹന വ്യൂഹത്തിന് മുന്നിലുള്ള ഉയര്‍ന്ന പ്രദേശമായ പുല്‍മേടില്‍ നിന്ന് ഒറ്റപ്പെട്ട തോക്കുധാരിയുടെ കഥയ്ക്ക് വിരുദ്ധമായാണ് രേഖകള്‍ വിരല്‍ ചൂണ്ടുന്നത്.

പുതുതായി പുറത്തുവിട്ട ഫയലുകളില്‍ 1991 നവംബറിലെ സി.ഐ.എയുടെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഷനില്‍ നിന്നുള്ള ഒരു മെമ്മോയും ഉള്‍പ്പെടുന്നു. ഓസ്വാള്‍ഡിനെക്കുറിച്ചുള്ള അഞ്ച് വലിയ വാള്യങ്ങളുള്ള ഫയലുകള്‍ കെ.ജി.ബി ഉദ്യോഗസ്ഥന്‍ പരിശോധിച്ചതായും 'ഓസ്വാള്‍ഡ് ഒരിക്കലും കെ.ജി.ബി നിയന്ത്രിക്കുന്ന ഒരു ഏജന്റല്ലെന്ന്' ഉറപ്പുണ്ടെന്നും മെമ്മോയില്‍ പറഞ്ഞതായും വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു.
1954 മുതല്‍ 1991 ല്‍ സോവിയറ്റ് യൂണിയന്‍ പിരിച്ചു വിടുന്നതു വരെ കെ.ജി.ബി സോവിയറ്റ് യൂണിയന്റെ പ്രധാന ഇന്റലിജന്‍സ്-സുരക്ഷാ ഏജന്‍സിയായിരുന്നു.
ഫയലുകളിലെ പ്രധാന വെളിപ്പെടുത്തലുകളില്‍ ഒന്ന്, മുന്‍ പ്രസിഡന്റിന്റെ മരണത്തിന് സി.ഐ.എ ഉത്തരവാദിയാണെന്ന് തന്റെ സുഹൃത്തിനോട് പറഞ്ഞ സി.ഐ.എ ഓപ്പറേറ്റീവ് ഗാരി അണ്ടര്‍ ഹില്ലിനെക്കുറിച്ചാണ്. കെന്നഡി വധിക്കപ്പെട്ടതിന്റെ പിന്നേന്ന് ഗാരി അണ്ടര്‍ ഹില്‍ വാഷിങ്ടണില്‍ നിന്ന് തിടുക്കത്തില്‍ ഓടിപ്പോയതായി ഫയലുകള്‍ വെളിപ്പെടുത്തുന്നു.
കൊലപാതകത്തിന് പിറ്റേന്ന്, ഗാരി അണ്ടര്‍ ഹില്‍ തിടുക്കത്തില്‍ വാഷിംങ്ടണ്‍ വിട്ടെന്നും വൈകുന്നേരത്തോടെ അദേഹം ന്യൂജേഴ്സിയിലെ സുഹൃത്തുക്കളുടെ വീട്ടില്‍ എത്തിയെന്നും രേഖകള്‍ പറയുന്നു.
ഗാരി തന്റെ ജീവനെക്കുറിച്ച് ഭയപ്പെട്ടിരുന്നു. ഒരു പക്ഷേ രാജ്യം വിടേണ്ടി വന്നേക്കാം. സി.ഐ.എയിലെ ഒരു ചെറിയ സംഘമാണ് കൊലപാതകത്തിന് ഉത്തരവാദിയെന്ന് അദേഹം സമ്മതിച്ചതായും ഇപ്പോള്‍ പുറത്തു വന്ന രേഖകള്‍ വ്യക്തമാക്കുന്നു. അതിനു ശേഷം ആറ് മാസത്തിനുള്ളില്‍ സി.ഐ.എ ഓപ്പറേറ്റീവിനെ വാഷിങ്ടണിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും അതില്‍ പറയുന്നു.
ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ള മിക്ക ഫയലുകളും യഥാര്‍ത്ഥ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളാണ്. പക്ഷേ, ചിലത് വായിക്കാന്‍ കഴിയാത്തത്ര മങ്ങിയതാണ്. ചില ഫയലുകളില്‍ 1960 കളിലെ ചില ഫോട്ടോഗ്രാഫുകളും ശബ്ദ റെക്കോര്‍ഡിങുകളും ഉണ്ട്.
പുതിയ രേഖകള്‍ ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബന്‍ ഭരണകൂടത്തിനെതിരെ സി.ഐ.എ മുമ്പ് രഹസ്യമായി നയിച്ച അട്ടിമറി ഓപ്പറേഷനായ 'ഓപ്പറേഷന്‍ മംഗൂസി' ലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതായും സൂചനയുണ്ട്.
പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഉടന്‍ ഡൊണാള്‍ഡ് ട്രംപ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ജോണ്‍ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് കാണാമറയത്തിരിക്കുന്ന ഫയലുകളുടെ റിലീസ്. പ്രസിഡന്റ് ട്രംപ് പരമാവധി സുതാര്യതയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയാണന്ന് രേഖകളുടെ പ്രകാശനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ച് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് എക്സില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.