ബന്ദികളെ ഹമാസ് കൈമാറിയില്ലെങ്കില്‍ ഗാസയില്‍ ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍; കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം

 ബന്ദികളെ ഹമാസ് കൈമാറിയില്ലെങ്കില്‍ ഗാസയില്‍ ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍; കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം

ടെല്‍ അവീവ്: ഗാസയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കാന്‍ ഇസ്രയേല്‍. ബന്ദികളെ കൈമാറാന്‍ ഹമാസ് തയ്യാറായില്ലെങ്കില്‍ ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.

ഗാസ മുനമ്പിന്റെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും ദുരിത ബാധിത പ്രദേശങ്ങളിലെ പാലസ്തീന്‍ സിവിലിയന്മാരെ ഒഴിപ്പിക്കാനുമുള്ള ഉത്തരവുകള്‍ സൈന്യത്തിന് നല്‍കിയതായി കാറ്റ്‌സ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ഈ തീരുമാനം.

വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഹമാസിന്റെ തടവില്‍ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനും ഹമാസിന്റെ ഉന്‍മൂലനം ലക്ഷ്യമിട്ടും കരസേനയുടെ ആക്രമണവും ശക്തമാക്കിയതായി കാറ്റ്‌സ് പറഞ്ഞു.

തെക്കന്‍ ഗാസയിലെ റഫയില്‍ ആക്രമണം നടക്കുകയാണെന്നും തങ്ങള്‍ ബെയ്ത്ത് ലാഹിയ പട്ടണത്തിന്റെ വടക്ക് വശത്തേക്ക് നീങ്ങുകയാണെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

തെക്കന്‍ ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കല്‍, ഗാസ നിവാസികള്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ പദ്ധതി നടപ്പിലാക്കല്‍ എന്നിവയുള്‍പ്പെടെ എല്ലാ സൈനിക, സിവിലിയന്‍ സമ്മര്‍ദ്ദങ്ങളും ഇസ്രയേല്‍ ഇതിനായി ഉപയോഗിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഹമാസിനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് അമേരിക്കയുടെ പൂര്‍ണ പിന്തുണയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.