വാഷിങ്ടൺ:ലോകത്ത് ആദ്യമായി ഒറ്റ ഡോസ് കോവിഡ് വാക്‌സിന്‍ വരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിന് അമേരിക്കയിൽ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം.
അമേരിക്കയിൽ അനുവദിച്ച മൂന്നാമത്തെ വാക്‌സിൻ ആണ് ഇത്. അടിയന്തിര ഘട്ടങ്ങളിൽ ഈ വാക്‌സിൻ ഉപയോഗിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പച്ചക്കൊടി കാണിച്ചു. അതിവേഗം പകരുന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് രാജ്യത്തുടനീളം പടർന്നു പിടിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ വാക്‌സിൻ ഉടൻ തന്നെ രാജ്യത്തുടനീളം വിതരണം ചെയ്യാനുള്ള നടപടികൾ ഗവണ്മെന്റ് സ്വീകരിച്ചു കഴിഞ്ഞു.
ഫൈസർ, മോഡേണ എന്നീ വാക്‌സിനുകളിൽ നിന്നും വ്യത്യസ്തമായി ഈ വാക്‌സിൻ ഒറ്റ ഡോസ് വാക്‌സിൻ ആണെന്നതും സൗകര്യമായി. നാല് ദശലക്ഷം ഡോസുകൾ അടുത്ത ആഴ്ച രാജ്യത്തൊട്ടാകെയുള്ള സംസ്ഥാനങ്ങൾക്കും ഫാർമസികൾക്കും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്കും വിതരണം ചെയ്യാനുള്ള ഫെഡറൽ ഗവൺമെന്റിന്റെ പദ്ധതിക്ക് തുടക്കമിട്ടു.
ഒരു ഡോസ് മതിയെന്നുള്ളതും താഴ്ന്ന ഊഷ്മാവിൽ മാസങ്ങളോളം സൂക്ഷിക്കാൻ സാധിക്കും എന്നുള്ളതും ഈ വാക്‌സിന്റെ ഉപയോഗം എളുപ്പമാക്കുന്നു. മറ്റു രണ്ടു വാക്‌സിനുകളും ഫ്രീസ് ചെയ്യണമായിരുന്നു എന്നത് മറ്റു സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരു വെല്ലുവിളിയായിരുന്നു.
മാർച്ച് അവസാനത്തോടെ 20 മില്യൺ വാക്‌സിൻ ലഭ്യമാകുമെന്ന് ജെ ആൻഡ് ജെ കമ്പനിയുടെ യു എസ് മെഡിക്കൽ അഫയേഴ്‌സിന്റെ വൈസ് പ്രസിഡന്റ് ഡോ. റിച്ചാർഡ് നെറ്റിൽസ് പറഞ്ഞു. ജൂൺ അവസാനത്തോട് കൂടി 100 മില്യൺ വാക്‌സിൻ ലഭ്യമാക്കാനുള്ള കരാർ ഗവൺമെന്റ് കമ്പനിയുമായി ഉണ്ടാക്കിക്കഴിഞ്ഞു. അത് എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. എല്ലാവരെയും വാക്‌സിൻ എടുക്കാൻ ഗവണ്മെന്റ് നിർബന്ധിക്കുന്നുണ്ട്.
അമേരിക്കയിൽ ഇപ്പോൾ കോവിഡ് നിരക്ക് വളരെ കുറഞ്ഞിരിക്കുകയാണ്. ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്തു നിരക്ക് കുറഞ്ഞെന്നു കരുതി ജാഗ്രത കൈവിടരുത് എന്നും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തരുത് എന്നും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ് ഗവൺമന്റ്. കാലിഫോർണിയയിൽ കണ്ട പുതിയ വേരിയന്റ് വൈറസ് ആശങ്ക ഉളവാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഈ ഒറ്റ ഡോസ് വാക്‌സിൻ വേഗത്തിൽ എല്ലാവർക്കും പ്രതിരോധം തീർക്കാൻ സഹായകമാകും എന്നാണ് കരുതുന്നത്.
ജെ ആൻഡ് ജെ വാക്‌സിനിൽ നിന്ന് പ്രത്യേക സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളൊന്നും ലഭിച്ചിട്ടില്ല. കുത്തിവയ്പ്പ് സ്വീകരിച്ചവരിൽ തലവേദന, ക്ഷീണം, പേശി വേദന എന്നിവയാണ് ഏറ്റവും സാധാരണമായ പാർശ്വഫലങ്ങൾ എന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച എഫ്ഡിഎ റിപ്പോർട്ടിൽ പറയുന്നു. ശർദ്ദിൽ, പനി എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റു രണ്ടു വാക്‌സിനുകളെ പോലെ തന്നെ രണ്ടുമാസത്തെ പരീക്ഷണഫലമാണ് ജെ ആൻഡ് ജെ യും സമർപ്പിച്ചിരിക്കുന്നത്. പൂർണ്ണമായ അംഗീകാരത്തിന് ആറ് മാസത്തെ പരീക്ഷണ ഫലമെങ്കിലും സമർപ്പിക്കണം.
18 വയസിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ അംഗീകരിച്ചിരിക്കുന്നത്. പരീക്ഷണസമയത്ത് രണ്ട് പേർക്ക് ഗുരുതരമായ അലർജി ഉണ്ടായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.