വാഷിങ്ടണ്‍ ഡിസി: ഈസ്റ്റര്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ കോര്‍പറേറ്റ് സ്പോണ്‍സര്‍മാരെ തേടി വൈറ്റ് ഹൗസ്. ‘ഈസ്റ്റര്‍ എഗ് റോള്‍’ എന്നറിയപ്പെടുന്ന ആഘോഷത്തിന് 75,000 ഡോളര്‍ മുതല്‍ രണ്ട് ലക്ഷം ഡോളര്‍ വരെയുള്ള സ്‌പോണ്‍സര്‍ഷിപ്പുകളാണ് വൈറ്റ് ഹൗസ് തേടുന്നത്.
സ്‌പോണ്‍സര്‍മാരുടെ ബ്രാന്‍ഡിങ് ഉറപ്പുനല്‍കുന്നുവെന്ന് വൈറ്റ് ഹൗസ് കോര്‍പ്പറേറ്റുകള്‍ക്ക് അയച്ച ഒമ്പത് പേജുള്ള രേഖയില്‍ പറയുന്നുണ്ട്. സ്‌പോണ്‍സര്‍മാരെ ലഭിക്കാന്‍ വൈറ്റ് ഹൗസ് ഹാര്‍ബിംഗര്‍ എന്ന ഇവന്റ് പ്രൊഡക്ഷന്‍ കമ്പനിയെ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ബിംഗര്‍ സമാഹരിക്കുന്ന എല്ലാ പണവും വൈറ്റ് ഹൗസ് ഹിസ്റ്റോറിക്കല്‍ അസോസിയേഷന് പോകും.
1878ലാണ് വൈറ്റ് ഹൗസില്‍ ഈസ്റ്റര്‍ എഗ് റോള്‍ എന്ന പരിപാടിക്ക് തുടക്കമിട്ടത്. യുഎസിന്റെ 19-ാം പ്രസിഡന്റായിരുന്ന റഥര്‍ഫോര്‍ഡ് ബി. ഹെയ്‌സാണ് ഇതിന് മുന്‍കൈ എടുത്തത്. അതേസമയം യുഎസിന്റെ പതിനാറാം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ പ്രസിഡന്റായിരിക്കെ തന്നെ അനൗദ്യോഗികമായി ‘എഗ് റോള്‍’ പാര്‍ട്ടികള്‍ നടത്താറുണ്ടായിരുന്നുവെന്നും വൈറ്റ് ഹൗസ് വെബ്‌സൈറ്റിലുണ്ട്.
ഈസ്റ്റര്‍ കഴിഞ്ഞുള്ള തിങ്കളാഴ്ച യുഎസ് ക്യാപിറ്റോളിന് സമീപമുള്ള മൈതാനത്താണ് ആദ്യമൊക്കെ ആഘോഷ പരിപാടി നടത്തിയിരുന്നത്. ഇവിടെ വലിയ ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആഘോഷം മൈതാനം നശിപ്പിക്കുന്ന തരത്തിലേക്ക് നീങ്ങിയതോടെ 1877-ല്‍ മൈതാന സംരക്ഷണ നിയമം പാസാക്കിക്കൊണ്ട് ഈ പരിപാടി നിരോധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.