കുട്ടനാട്ടിലെ നെല്ലെടുപ്പ് പ്രതിസന്ധി: കാര്‍ഷിക മേഖലയെ ഇല്ലാതാക്കും; സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് മാര്‍ തോമസ് തറയില്‍

കുട്ടനാട്ടിലെ നെല്ലെടുപ്പ് പ്രതിസന്ധി: കാര്‍ഷിക മേഖലയെ ഇല്ലാതാക്കും; സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് മാര്‍ തോമസ് തറയില്‍

സംഭരണത്തില്‍ കൂടുതല്‍ കിഴിവ് ലഭിക്കാന്‍ മില്ല് ഉടമകള്‍ വിലപേശല്‍ നടത്തുന്നതും നെല്ലെടുപ്പ് മനപൂര്‍വം മാറ്റിവെയ്ക്കുന്നതും കര്‍ഷകരുടെ അവസ്ഥ ദുരിത പൂര്‍ണമാക്കുന്നു

ചങ്ങനാശേരി: കുട്ടനാട്ടിലെ നെല്ല് എടുപ്പ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തത് കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് അപ്പര്‍ കുട്ടനാട്ടിലെയും ലോവര്‍ കുട്ടനാട്ടിലെയും കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടത്തിന് കാരണമാകുമെന്നും മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി.

നെല്ല് സംഭരണത്തില്‍ കൂടുതല്‍ കിഴിവ് ലഭിക്കാന്‍ മില്ല് ഉടമകള്‍ വിലപേശല്‍ നടത്തുന്നതും നെല്ലെടുപ്പ് മനപൂര്‍വം മാറ്റിവെയ്ക്കുന്നതും കാലാവസ്ഥ പ്രതികൂലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ അവസ്ഥ ദുരിത പൂര്‍ണമാകുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടി. 

കൊയ്ത്ത് യന്ത്ര ഉടമകളുടെയും മില്ല് ഉടമകളുടെയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് കുട്ടനാടന്‍ കാര്‍ഷിക മേഖല നിയന്ത്രിക്കപ്പെടുന്നത് അപലപനീയമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


നെല്ല് സംഭരണം ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ല

കലക്ടറുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ക്കും കര്‍ഷകരുടെ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊയ്തു കൂട്ടിയ നെല്ലുമായി കര്‍ഷകരുടെ കാത്തിരിപ്പ് നീളുകയാണ്. കൂടുതല്‍ മില്ലുകാരെ എത്തിച്ച് അടിയന്തരമായി നെല്ല് സംഭരിക്കും എന്നായിരുന്നു കളക്ടര്‍ യോഗത്തില്‍ അറിയിച്ചത്. എടത്വ, തലവടി, ചമ്പക്കുളം, വെളിയനാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഒട്ടേറെ പാടശേഖരങ്ങളിലാണ് നെല്ല് കൂടി കിടക്കുന്നത്. വെളിയനാട് വെള്ളിശ്രാക്കല്‍ പാടത്ത് 87 ഏക്കറിലെ നെല്ല് ദിവസങ്ങളായി കൂനകൂട്ടിയിട്ടിരിക്കുകയാണ്. അനുവദിക്കപ്പെട്ട മില്ലുകാര്‍ വന്ന് പരിശോധിച്ച ശേഷം പിറ്റേദിവസം എടുക്കാമെന്ന് പറഞ്ഞ് പോയതാണെന്നും പിന്നീട് അവരെ വിളിച്ചപ്പോള്‍ നെല്ല് വേണ്ട എന്നറിയിച്ചതായും കര്‍ഷകര്‍ പറയുന്നു.

ഇക്കാര്യം പാഡി മാര്‍ക്കറ്റിങ് അധികൃതരെ അറിയിച്ചപ്പോള്‍ പാടശേഖര സമിതി മില്ലുകാരെ കണ്ടെത്താനാണ് നിര്‍ദേശിച്ചതെന്ന് പാടശേഖര സമിതി പ്രസിഡന്റ് എസ്. ശ്രീകുമാര്‍, സെക്രട്ടറി മാത്യു വള്ളൂരാക്കല്‍ എന്നിവര്‍ പറയുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പാടത്ത് വെള്ളം കയറിത്തുടങ്ങി. കൂടുതല്‍ നാള്‍ കിടന്നാല്‍ കിളിര്‍ത്ത് നശിക്കും എന്നാണ് കര്‍ഷകര്‍ പറയുന്നത്.

തലവടി പഞ്ചായത്ത് വട്ടടി കൊച്ചാലും ചുവട് പാടത്ത് നെല്ല് കൊയ്തിട്ട് ഒരാഴ്ചയിലധികമായി. തോമസ് കെ. തോമസ് എംഎല്‍എ പാടത്ത് എത്തിയ ശേഷം അടുത്ത ദിവസം നെല്ല് സംഭരിക്കാന്‍ നടപടി എടുക്കുമെന്ന് പറഞ്ഞ് പോയിട്ട് പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. എടത്വ മരിയാപുരം ഭാഗത്ത് ഒരു ലോഡ് നെല്ല് എടുത്ത ശേഷം മുങ്ങിയ മില്ലുകാര്‍ പിന്നീട് ഇതുവരെ എത്തിയിട്ടില്ല. മില്ലുകാര്‍ പറയുന്ന കിഴിവ് നല്‍കിയിട്ടും ഇതാണ് സ്ഥിതി. നല്‍പു കുറഞ്ഞ നെല്ലാണെന്നു വരുത്തി കുട്ടനാട്ടിലെ കൃഷി തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നു.

ആര്‍പ്പുക്കര കൃഷിഭവന്‍ പരിധിയില്‍ വരുന്ന മഞ്ചാടിക്കരി മിഷന്‍ പാടശേഖരത്തിലെ മാര്‍ച്ച് ഒന്നിന് കൊയ്ത നെല്ല് മുതല്‍ കിടക്കുകയാണ്. രണ്ട് മില്ലുകള്‍ വന്ന് സാംപിള്‍ എടുത്തുകൊണ്ടു പോയതല്ലാതെ നെല്ല് സംഭരണം ആരംഭിച്ചിട്ടില്ല. മഴ പെയ്തതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.

ജില്ലയില്‍ കൊയ്ത്ത് പകുതി മാത്രമേ ആയിട്ടുള്ളൂ. വേനല്‍മഴ ശക്തി പ്രാപിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. മെയ് ആദ്യവാരം വരെ കൊയ്ത്തും സംഭരണവും നടക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതാണ് സ്ഥിതി എങ്കില്‍ ഇനി കൊയ്ത്തും സംഭരണവും നടത്താനുള്ള പാടശേഖരങ്ങളുടെ അവസ്ഥ ചിന്തിക്കാന്‍ കൂടി കഴിയാത്തതാണെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷി വകുപ്പ് ശക്തമായ ഇടപെടല്‍ നടത്തിയാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയൂ എന്ന് കര്‍ഷകര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.