ബെയ്‌റൂട്ട്: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയായി മലങ്കര മെത്രാപ്പൊലീത്തയും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് അഭിഷിക്തനായി.
ലബനോണിന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിനടുത്ത് അറ്റ്ചാനെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന ചടങ്ങിലാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ശ്രേഷ്ഠ കാതോലിക്ക ബാവയായി ഉയര്‍ത്തപ്പെട്ടത്. ഇനി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് പ്രഥമന്‍ എന്ന പേരില്‍ അദേഹം അറിയപ്പെടും.
പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാര്‍ സഹ കാര്‍മികരായി.
മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, മാര്‍ത്തോമാ സഭയില്‍ നിന്നുള്ള ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധി സംഘം, വത്തിക്കാനില്‍ നിന്ന് കത്തോലിക്കാ സഭയുടെയും ഇതര സഭകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ വാഴിക്കല്‍ ചടങ്ങിന് എത്തിയിരുന്നു. കേരളത്തില്‍ നിന്നും മറ്റ് വിവിധ രാജ്യങ്ങളില്‍ നിന്നുമായി നിരവധി മലയാളികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
പരിശുദ്ധ മറിയത്തിന്റെ വചനിപ്പു പെരുന്നാള്‍ ദിനമാണ് മാര്‍ച്ച് 25. മാര്‍ ഗ്രിഗോറിയോസ് ശെമ്മാശനായതും പിന്നീടു വൈദികനായതും മാര്‍ച്ച് 25 നാണ് എന്ന പ്രത്യേകതയുമുണ്ട്.
പുതിയ കാതോലിക്കാ ബാവയ്ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആശംസകള്‍ നേര്‍ന്നു. സാഹോദര്യത്തിലും ഐക്യത്തിലും സ്‌നേഹത്തിന്റെ കൂട്ടായ്മയിലും സഭയെ നയിക്കാന്‍ പരിശുദ്ധാത്മാവിന്റെ നല്‍വരങ്ങള്‍ അദേഹത്തിന്റെ ശുശ്രൂഷകളില്‍ ഉണ്ടാകട്ടെയെന്ന് അദേഹം ആശംസിച്ചു.
ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ വാഴിക്കല്‍ ചടങ്ങിന് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്ത് നിന്നും പ്രത്യേക പ്രതിനിധി സംഘത്തെ അയച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മുഖ്യമന്ത്രി പിണറായി വിജയനും പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ നന്ദി പറഞ്ഞു.

ഇരു പ്രതിനിധി സംഘങ്ങളെയും പാത്രിയര്‍ക്കീസ് ബാവ സദസിന് പരിചയപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായി മുന്‍മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘവും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായി മന്ത്രി പി. രാജീവ് നയിക്കുന്ന ഏഴംഗ സംഘവുമാണ് എത്തിയിട്ടുള്ളത്.
സ്ഥാനാരോഹണ ശുശ്രൂഷ സഭാ ആസ്ഥാനമായ പുത്തന്‍കുരിശിലും നടക്കും. മാര്‍ച്ച് 30 നാണ് ചടങ്ങ്. ശുശ്രൂഷാ കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തും.
തുടര്‍ന്ന് പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി കേരളത്തില്‍ എത്തുന്ന ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ് മാര്‍ ഡാനിയേല്‍ ക്ലിമീസ് മെത്രാപ്പോലീത്തയുടെയും ഹോംസിലെ ആര്‍ച്ച് ബിഷപ് മാര്‍ തീമോത്തിയോസ് റത്താ അല്‍ഖുറിയുടെയും നേതൃത്വത്തിലും മലങ്കരയിലെ എല്ലാ സുറിയാനി സഭാ മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തിലും സ്ഥാനാരോഹണ ശുശ്രൂഷ നടക്കും.
വൈകുന്നേരം 4.30 ന് ബസേലിയോസ് തോമസ് പ്രഥമന്‍ നഗറില്‍ നടക്കുന്ന അനുമോദന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 30 ഉച്ചകഴിഞ്ഞ് 2:15 ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ശ്രേഷ്ഠ കാതോലിക്കാ ബാവയെ സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.