വോട്ട് ചെയ്യാന്‍ അമേരിക്കന്‍ പാസ്പോര്‍ട്ടോ, ജനന സര്‍ട്ടിഫിക്കറ്റോ വേണം; തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതിക്കൊരുങ്ങി ട്രംപ്

വോട്ട് ചെയ്യാന്‍ അമേരിക്കന്‍ പാസ്പോര്‍ട്ടോ, ജനന സര്‍ട്ടിഫിക്കറ്റോ വേണം;  തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതിക്കൊരുങ്ങി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റം വരുന്നു. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചു. വോട്ടു ചെയ്യുന്നതിന് അമേരിക്കന്‍ പാസ്പോര്‍ട്ടോ, ജനന സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കുന്ന തരത്തിലാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ ആധുനിക കാലത്ത് പല വികസിത-വികസ്വര രാജ്യങ്ങളും നടപ്പാക്കി വരുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും സ്വീകരിക്കുന്നതില്‍ അമേരിക്കയ്ക്ക് വീഴ്ച പറ്റിയെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രീയകള്‍ ചൂണ്ടിക്കാണിച്ച് ട്രംപ് വ്യക്തമാക്കി.

ഇന്ത്യയും ബ്രസീലും പോലെയുള്ള രാജ്യങ്ങള്‍ ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യാനെത്തുന്നവരെ തിരിച്ചറിയുന്നത്. എന്നാല്‍ അമേരിക്കയില്‍ അങ്ങനെയല്ലെന്ന് ട്രംപ് പറഞ്ഞു. ജര്‍മനിയും കാനഡും അടക്കമുള്ള രാജ്യങ്ങള്‍ പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നത്. അമേരിക്കയിലാകട്ടെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്.

ഡെന്മാര്‍ക്കും സ്വീഡനും പോലെയുള്ള രാജ്യങ്ങള്‍ മെയില്‍-ഇന്‍ വോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകി വരുന്ന വോട്ടുകള്‍ എണ്ണാറില്ല. എന്നാല്‍ അമേരിക്കയില്‍ അക്കാര്യത്തിലും വീഴ്ചയുണ്ടാകാറുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

സംസ്ഥാനങ്ങള്‍ വോട്ടര്‍ പട്ടിക തയ്യാറാക്കി സൂക്ഷിക്കണം. അമേരിക്കന്‍ പൗരന്മാര്‍ അല്ലാത്തവരെ ഫെഡറല്‍ ഏജന്‍സികള്‍ കണ്ടെത്തണം തുടങ്ങിയ നിര്‍ദേശങ്ങളും ട്രംപ് മുന്നോട്ടു വച്ചു. തിരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടല്‍ തടയുന്നതിനായി വിദേശ സംഭാവനകള്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.