വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിതനായി 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയവെ ഫ്രാന്‍സിസ് മാര്‍പാപ്പ മരണത്തിന്റെ വക്കിലെത്തിയിരുന്നെന്ന് അദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍.
ഒരു വിദേശ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പയെ ചികിത്സിച്ച സംഘത്തിന്റെ തലവനായിരുന്ന ഡോ. സെര്‍ജിയോ ആല്‍ഫിയേരി ഇക്കാര്യം തുറന്നു പറഞ്ഞത്. ചികിത്സ നിര്‍ത്തി അദേഹത്തെ സമാധാനത്തോടെ മരിക്കാന്‍ വിടുന്ന കാര്യം പോലും ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നെന്നും ഡോ. സെര്‍ജിയോ ആല്‍ഫിയേരി വ്യക്തമാക്കി.
ചികിത്സയ്ക്കിടെ ശ്വാസം കിട്ടാതെ വരുന്നത് പതിവായിരുന്നു. ഇതോടെ അദേഹം അതിജീവിക്കില്ലെന്ന് കരുതി. എന്നാല്‍ വര്‍ഷങ്ങളായി പാപ്പയ്ക്കൊപ്പമുള്ള നഴ്‌സ് മാസിമിലിയാനോ സ്ട്രാപ്പെറ്റ് എല്ലാ വഴിക്കും ശ്രമിക്കൂ, കൈവിടരുത് എന്ന സന്ദേശം അയച്ചതോടെ സാധ്യമായ എല്ലാ ചികിത്സയും മരുന്നുകളും പരീക്ഷിച്ചു.
വൃക്കയും മജ്ജയും തകരാറിലാകാന്‍ ഇടയുള്ള അത്രയും തീവ്രവായ മരുന്നുകളാണ് നല്‍കിയത്. വൈകാതെ ആദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചുവെന്നും ആല്‍ഫിയേരി പറഞ്ഞു.
അതേസമയം മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രണ്ട് മാസം അദേഹത്തിന് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 14 ന് ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാര്‍പാപ്പയ്ക്ക് ന്യുമോണിയ കലശലായിരുന്നു.
ഡിസ്ചാര്‍ജായ ദിവസം ആശുപത്രിയുടെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ വച്ച് അദേഹം വിശ്വാസികളെ നേരിട്ട് അഭിസംബോധന ചെയ്തിരുന്നു. വിശ്വാസികള്‍ക്ക് നേരെ കൈവീശി പുഞ്ചിരിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പ അവരെ അനുഗ്രഹിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.