ലോകത്തിലെ കോടീശ്വരനായ ഭിക്ഷക്കാരന്‍; മുംബൈ സ്വദേശി ഭരത് ജെയിന്റെ ആസ്തി 7.5 കോടി രൂപ!

ലോകത്തിലെ കോടീശ്വരനായ ഭിക്ഷക്കാരന്‍; മുംബൈ സ്വദേശി ഭരത് ജെയിന്റെ ആസ്തി 7.5 കോടി രൂപ!

മുംബൈ: ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍ എന്ന പദവി നേടി മുംബൈയില്‍ നിന്നുള്ള ഭരത് ജെയിന്‍.

1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകളും 30,000 രൂപ വാടക ലഭിക്കുന്ന രണ്ട് കടയും സ്വന്തമായുണ്ട്. ഭിക്ഷയെടുത്തുള്ള പ്രതിമാസ വരുമാനം 60,000 മുതല്‍ 75,000 രൂപ വരെ. ഭിക്ഷാടനത്തിലൂടെ മാത്രം 7.5 കോടി രൂപയുടെ ആസ്തി സമ്പാദിച്ചതായാണ് ഭരത് ജെയിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

മികച്ച സാമ്പത്തിക വരുമാനം ലഭിക്കുന്നതിനാല്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ നോക്കാതെ ഭിക്ഷാടനം ജീവിത മാര്‍ഗമാക്കുന്ന ഇന്ത്യന്‍ ഭിക്ഷാടന മേഖലയുടെ വ്യാപ്തിയെയാണ് ഭരത് ജെയിന്റെ കഥ വെളിപ്പെടുത്തുന്നത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍സിനും ആസാദ് മൈതാനത്തിനും ഇടയിലുള്ള പ്രദേശത്ത് ഭിക്ഷാടനം നടത്തുന്നയാളാണ് ഭരത് ജെയിന്‍.

സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തില്‍ ജനിച്ച ജെയിന് വിദ്യാഭ്യാസം നേടാനുള്ള സാമ്പത്തിക ശേഷിയുണ്ടായിരുന്നില്ല. ജെയിനിന്റെ കുടുംബം മുഴുപ്പട്ടിണിയിലായിരുന്നു. അതിജീവനത്തിനായി അദേഹം ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു. അങ്ങനെ ഭിക്ഷാടനം ജീവിതം തന്നെ മാറ്റി മറിച്ചു.

ഏകദേശം 40 വര്‍ഷമായി ജെയിന്‍ ഭിക്ഷാടനം നടത്തുന്നുണ്ട്. ഒരു ദിവസം 2000 മുതല്‍ 2500 വരെയാണ് ഇയാള്‍ സമ്പാദിക്കുന്നത്. ഇടവേളകളില്ലാതെ 10 മുതല്‍ 12 മണിക്കൂര്‍ വരെ ഭിക്ഷാടന ജോലി ചെയ്യുും. ഒരു യാചകനാണെങ്കിലും ഭരത് ജെയിന്‍ ഒരു കൗശലക്കാരനായ ബിസിനസുകാരനും ബുദ്ധിമാനായ നിക്ഷേപകനുമാണെന്ന് തെളിയിച്ചിട്ടുണ്ട്.

ഭാര്യ, രണ്ട് ആണ്‍മക്കള്‍, അച്ഛന്‍, സഹോദരന്‍ എന്നിവരുള്‍പ്പെടെ കുടുംബം താമസിക്കുന്ന 1.4 കോടി വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കുന്നതിനായി വളരെ തന്ത്രപരമായാണ് തന്റെ പണം നിക്ഷേപിച്ചിരിക്കുന്നത്. താനെയില്‍ 30,000 പ്രതിമാസ വാടക വരുമാനം നല്‍കുന്ന രണ്ട് കടകളും ജെയിന് സ്വന്തമായുണ്ട്.

മാത്രമല്ല, മക്കള്‍ പ്രശസ്തമായ ഒരു കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുകയും ഇപ്പോള്‍ കുടുംബത്തിന്റെ സ്റ്റേഷനറി സ്റ്റോര്‍ നോക്കി നടത്തുകയുമാണ്. കുടുംബത്തിന്റെ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും ജെയിന്‍ തന്റെ ഭിക്ഷാടന തൊഴില്‍ തുടരുകയാണ്.

ദി എന്റര്‍പ്രൈസ് വേള്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ മറ്റ് ധനികരായ യാചകര്‍ കൊല്‍ക്കത്തയില്‍ താമസിക്കുന്ന ലക്ഷ്മി ദാസും നാല സോപാരയില്‍ നിന്നുള്ള കൃഷ്ണ കുമാര്‍ ഗൈറ്റും ആണ്. രണ്ട് കോടി രൂപയാണ് ലക്ഷ്മി ദാസിന്റെ ആസ്തി. നാല സോപാരയില്‍ സഹോദരനോടൊപ്പം ഏകദേശം ഏഴ് ലക്ഷം രൂപ വിലവരുന്ന ഒരു മുറിയില്‍ താമസിക്കുന്ന യാചകനാണ് കൃഷ്ണ കുമാര്‍ ഗൈറ്റ്.

നാല് ലക്ഷത്തിലധികം യാചകരുള്ള രാജ്യമാണ് ഇന്ത്യ. 81,000 ത്തിലധികം യാചകരുമായി പശ്ചിമ ബംഗാള്‍ ആണ് പട്ടികയില്‍ ഒന്നാമത്. തൊട്ടു പിന്നാലെ ഉത്തര്‍പ്രദേശും ആന്ധ്രാപ്രദേശും. ദാരിദ്ര്യം, വൈകല്യം, ദൗര്‍ഭാഗ്യകരമായ ജീവിത സാഹചര്യങ്ങള്‍ എന്നിവയാണ് പല യാചകരുടെയും അവസ്ഥയെങ്കിലും ഭരത് ജെയിനിനെപ്പോലുള്ളവര്‍ ഭിക്ഷാടനത്തെ ലാഭകരമായ ഒരു തൊഴിലായാണ് കാണുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.