കോതമംഗലം: രാജപാത എന്ന് അറിയപ്പെടുന്ന പഴയ ആലുവ-മൂന്നാര്‍ റോഡ് ഗതാഗതത്തിന് തുറന്ന് നല്‍കണമെന്നും ഇതുമായി ബന്ധപ്പെട്ട് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ജനപ്രതിനിധികള്‍, വൈദികര്‍, പ്രദേശവാസികള്‍ എന്നിവര്‍ക്കെതിരെ വനംവകുപ്പ് എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കോതമംഗലത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്ന് നടന്ന സമ്മേളനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു.
വൈകുന്നേകം ഏഴോടെ ചെറിയപള്ളി താഴത്ത് നിന്ന് തുടങ്ങിയ പ്രകടനം ഗാന്ധി സ്‌ക്വയറിന് സമീപം സമാപിച്ചു. കോതമംഗലം രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി വൈദികരും സന്യസ്തരും വിശ്വാസികളും ഉള്‍പ്പെടെയുള്ളവര്‍ കത്തിച്ച പന്തങ്ങളും മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നത്.

പ്രതിഷേധാഗ്‌നി കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാല്‍ മോണ്‍. പയസ് മലേക്കണ്ടം, അഡ്വ. എ.ജെ ദേവസ്യ, ഫാ. റോബിന്‍ പടിഞ്ഞാറേക്കുറ്റ്, സിജുമോന്‍ കെ. ഫ്രാന്‍സിസ്, ഫാ. അരുണ്‍ വലിയതാഴത്ത്, ഫാ. തോമസ് ജെ. പറയിടം എന്നിവര്‍ പ്രസംഗിച്ചു.
കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ക്കും പ്രദേശവാസികള്‍ക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിന്‍വലിക്കുകയും നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ രാജപാതയിലൂടെ താനും നടക്കുമെന്നും അതിന്റെ പേരിലുള്ള എന്ത് നടപടിയും നേരിടാന്‍ തയാറാണെന്നും കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പ്രഖ്യാപിച്ചു.

രൂപതയുടെ നേതൃത്വത്തില്‍ കോതമംഗലത്ത് നടത്തിയ പ്രതിഷേധാഗ്‌നിയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. വനംവകുപ്പ് അവകാശ ലംഘനവും ക്രൂരതയും തുടര്‍ന്നാല്‍ പുന്നക്കോട്ടില്‍ പിതാവ് പണ്ട് വാഹനത്തില്‍ യാത്ര ചെയ്യുകയും പ്രതിഷേധ യാത്രയില്‍ പങ്കെടുത്ത് നടക്കുകയും ചെയ്ത വഴിയിലൂടെ താനും നടക്കും. അതിന്റെ പേരിലുള്ള എന്ത് പ്രത്യാഘാതവും നേരിടാന്‍ തയ്യാറാണ്. 89 കാരനായ പിതാവ് ഒരിക്കലും തനിച്ചാകില്ല. രൂപതയും വിശ്വാസ സമൂഹവും താനും ഒറ്റക്കെട്ടായി കൂടെയുണ്ടാകും. അത് അറസ്റ്റ് വരിക്കാന്‍ ആണെങ്കിലും ജയിലിലേക്ക് ആണെങ്കിലും പിന്മാറില്ലെന്നും അദേഹം വ്യക്തമാക്കി.
രൂപതയ്‌ക്കോ സഭക്കോ ആ മേഖലകളില്‍ എസ്റ്റേറ്റോ വന്‍കിട സ്ഥാപനങ്ങളോ ഇല്ല. രൂപതാ അംഗങ്ങളായ ആളുകളും താരതമ്യേന കുറവാണ്. പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ടാക്കണമെന്ന താല്‍പര്യങ്ങളും ഇല്ല. വ്യത്യസ്ത മതവിശ്വാസികളും രാഷ്ട്രീയ വിശ്വാസികളുമായ സാധാരണക്കാരുടെ ന്യായമായ അവകാശം സംരക്ഷിക്കാനാണ് സഭയും രൂപതയും നിലപാടുമായി മുന്നോട്ടുപോകുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ-മത വ്യത്യാസങ്ങള്‍ക്ക് അതീതമായി എല്ലാവരും ഒറ്റക്കെട്ടായി ഈ ജനദ്രോഹ നടപടിക്കെതിരെ മുന്നോട്ട് വരണമെന്നും ജനാധിപത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.

വന്യമൃഗങ്ങളും വനം വകുപ്പുമല്ല വനമന്ത്രിയെ ജനപ്രതിനിധിയാക്കിയത്. തിരഞ്ഞെടുത്ത ജനം പറയുന്നത് കൂടി കേള്‍ക്കാനുള്ള മര്യാദ വനംമന്ത്രി കാണിക്കണം. ജനഹിതവും സത്യവും സര്‍ക്കാര്‍ രേഖകളും അവഗണിച്ച് സഞ്ചാര സ്വാതന്ത്ര്യം തടയാനാണ് ഇനിയും ശ്രമിക്കുന്നതെങ്കില്‍ അത് കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.