ന്യൂയോര്‍ക്ക് : യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ തീവ്രതയും വേദനയും ദൃശ്യഭാഷയില്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നോവായി പടര്‍ത്തിയ ' ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും. 'ദ റിസറക്ഷൻ ഓഫ് ദ ക്രൈസ്റ്റ്'എന്ന് പേരിട്ട രണ്ടാം ഭാഗത്തില്‍ യേശുവിന്റെ ഉത്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പ്രമേയമാകുന്നത്.
ഇറ്റലിയിലെ സിനിസിറ്റയിൽ ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് റോമിലെ സിനിസിറ്റ സ്റ്റുഡിയോയുടെ സിഇഒ മാനുവേല കാസിയാമനി ഇറ്റാലിയൻ പത്രമായ ഇൽ സോൾ 24 ഓറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മെൽ ഗിബ്‌സൺ സംവിധാനം ചെയ്യുന്ന ചിത്രം ഐക്കൺ പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്.
'സിനിമ എങ്ങനെ ചിത്രീകരിക്കുന്നു എന്നതും ചിത്രീകരിക്കുന്ന രീതിയില്‍ ആളുകളിൽ വിഷയവും വികാരങ്ങളും എങ്ങനെ ഉണർത്താമെന്നുമുള്ള ആശയങ്ങൾ തന്റെ കയ്യിലുണ്ട്. വളരെക്കാലമായി വിഷയത്തിൽ പഠനം നടത്തുകയാണ്. ഇത് എളുപ്പമായിരിക്കില്ല, എനിക്ക് ചെയ്യാൻ കഴിയുമെന്ന് പൂർണമായും ഉറപ്പില്ല, പക്ഷേ താന്‍ അത് ചെയ്യാൻ ശ്രമിക്കും'- മെൽ ഗിബ്‌സൺ പറഞ്ഞു.
'യേശുവിന്റെ വേഷം കൈക്കാര്യം ചെയ്ത ജിം കാവിയേസലിനെ യേശുവായി വീണ്ടും അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ആദ്യ സിനിമ പുറത്തിറങ്ങി 20 വർഷത്തിലേറെയായി എന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ സിജിഐ ഡീ-ഏജിങ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടി വരും'- ഗിബ്സൺ കൂട്ടിച്ചേർത്തു.
യേശുവിന്റെ ജീവിതത്തിലെ അവസാന 12 മണിക്കൂറുകള്‍ ചിത്രീകരിച്ച ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പുതിയ ചിത്രം വരുന്നത്. 2004-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സിനിമാ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായി മാറിയിരുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്തില്‍ പീഡാനുഭവത്തിന്റെ അതിവൈകാരിക രംഗങ്ങളും യേശുവിനെ ക്രൂശിക്കുന്ന രംഗങ്ങളും ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നു. പലരും വിങ്ങലോടെയായിരുന്നു അന്ന് തിയറ്ററുകള്‍ വിട്ടിറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.