'സെലെന്‍സ്‌കിയെ മാറ്റണം': റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ ആവശ്യം ഉന്നയിച്ച് പുടിന്‍

'സെലെന്‍സ്‌കിയെ മാറ്റണം': റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ ആവശ്യം ഉന്നയിച്ച് പുടിന്‍

മോസ്‌കോ: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ ആവശ്യം ഉന്നയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഉക്രെയ്ന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ മാറ്റിയാല്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാമെന്നാണ് പുടിന്റെ നിര്‍ദേശം.

സെലെന്‍സ്‌കിയെ മാറ്റി രാജ്യം ഒരുു താല്‍ക്കാലിക ഭരണ സംവിധാനത്തിലേക്ക് വരികയാണെങ്കില്‍ യുദ്ധത്തില്‍ ഒത്തുതീര്‍പ്പിനെ കുറിച്ച് ചിന്തിക്കാമെന്നാണ് പുടിന്‍ മുന്നോട്ടു വെച്ച നിര്‍ദേശം.

യുദ്ധത്തില്‍ ഒരു ഒത്തുതീര്‍പ്പിലെത്തുന്നതിനും പ്രധാന കരാറുകളില്‍ ഒപ്പു വയ്ക്കാനും ഉക്രെയ്‌നില്‍ തിരഞ്ഞെടുപ്പ് നടത്തുകയോ ഒരു താല്‍കാലിക ഭരണ സംവിധാനത്തിന് കീഴിലാക്കുകയോ ചെയ്യണമെന്ന് പുടിന്‍ നിര്‍ദേശിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്.

'ഐക്യരാഷ്ട്ര സഭ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ഉക്രെയ്‌നില്‍ ഒരു താല്‍കാലിക ഭരണ സംവിധാനം ഒരുക്കാന്‍ കഴിയും. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തി ജനവിശ്വാസമുള്ള ഒരു സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരുന്നതോടെ സമാധാന ഉടമ്പടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിയും'- പുടിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിന് പരിഹാരം കണ്ടെത്താനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്കിടയിലാണ് പുടിന്റെ പുതിയ ആവശ്യം. റഷ്യയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനില്‍ നിന്ന് വ്യത്യസ്തമായി പുതിയ പ്രസിഡന്റ് സമാധാനം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് പുടിന്‍ പറഞ്ഞു.

പുടിന്‍ മരണത്തെ ഭയപ്പെടുന്നുവെന്നും രോഗ ബാധിതനായ അദേഹം വൈകാതെ മരിക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞതിന് പിന്നാലെയാണ് പുടിന്റെ പുതിയ ആവശ്യമെന്നതും ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.