വാഷിങ്ടൺ ഡിസി : പുതിയ ആണവ കരാറിൽ എത്രയും പെട്ടെന്ന് ധാരണയിൽ എത്തണമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ദ്വിതീയ താരിഫുകൾ ഏർപ്പെടുത്തുമെന്നും ആവശ്യമെങ്കിൽ ബോംബിങ്ങിനെ കുറിച്ച് പോലും ആലോചിക്കേണ്ടി വരും എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് ട്രംപിന്റെ കത്ത് ലഭിച്ചതിന് ശേഷം അമേരിക്കയുമായി നേരിട്ട് ചർച്ചകളിൽ ഏർപ്പെടാൻ ഇറാൻ വിസമ്മതിച്ചതാണ് ട്രംപിന്റെ പ്രകോപനത്തിന് കാരണം. ആണവ പദ്ധതിയിൽ ധാരണയിൽ എത്തണമെന്ന് കാണിച്ച് ഇറാന്റെ പരമോന്നത നേതാവിന് ആയിരുന്നു ട്രംപ് കത്ത് അയച്ചിരുന്നത്. എന്നാൽ ആണവ പദ്ധതിയെക്കുറിച്ച് രാജ്യം യുഎസുമായി നേരിട്ട് ചർച്ച നടത്തില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വെളിപ്പെടുത്തി.
നേരിട്ടുള്ള ചർച്ചകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയെങ്കിലും അമേരിക്കയുമായി പരോക്ഷ ചർച്ചകൾക്കുള്ള സാധ്യത ഇറാൻ പ്രസിഡന്റ് തള്ളിക്കളഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2018 മുതൽ ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരികയാണ്. ഗാസയിലെ ഇസ്രയേൽ-ഹമാസ് സംഘർഷത്തിനോടൊപ്പം ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളുടെ നേതാക്കൾക്കെതിരെയും വലിയതോതിൽ ആക്രമണങ്ങൾ നടത്തുന്നതിന് പിന്നിൽ യുഎസും പങ്കുവഹിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.