'ഭക്ഷണവും മരുന്നും പാര്‍പ്പിടവും വേണം': സഹായം അഭ്യര്‍ത്ഥിച്ച് മ്യാന്‍മര്‍ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബോ

'ഭക്ഷണവും  മരുന്നും  പാര്‍പ്പിടവും വേണം':  സഹായം അഭ്യര്‍ത്ഥിച്ച്  മ്യാന്‍മര്‍ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബോ

നീപെഡോ: മ്യാന്‍മറിനെയും തായ്ലന്‍ഡിനെയും പിടിച്ചുലച്ച ഭൂകമ്പത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് മ്യാന്‍മര്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദിനാള്‍ ചാള്‍സ് ബോ. ഭക്ഷണം, മരുന്ന്, പാര്‍പ്പിടം തുടങ്ങി എല്ലാ അവശ്യ വസ്തുക്കളും ആവശ്യമാണെന്ന് അദേഹം പറഞ്ഞു.

7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മ്യാന്‍മറില്‍ ഇതുവരെ 2100 ഓളം പേര്‍ മരിക്കുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് വസ്തുകളെക്കാള്‍ ഉപരി രാജ്യത്തിന് സമാധാനമാണ് ആവശ്യമെന്നും യാങ്കൂണിലെ ആര്‍ച്ച് ബിഷപ്പ് കൂടിയായ ചാള്‍സ് ബോ വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിന് തങ്ങള്‍ നേരിട്ട് കണ്ടു. ആളുകള്‍ സുരക്ഷയ്ക്കായി ഓടുകയായിരുന്നു. അടിയന്തര മാനുഷിക പിന്തുണ നല്‍കാനും ദുരിത ബാധിതരിലേക്ക് തടസമില്ലാതെ പ്രവേശനം അനുവദിക്കാനും വര്‍ഷങ്ങളായി ആഭ്യന്തര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ശത്രുത അവസാനിപ്പിക്കാനും അദേഹം അഭ്യര്‍ത്ഥിച്ചു. സായുധ സംഘങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിയില്‍ സഹായ വിതരണം തടസപ്പെടുമോയെന്ന ആശങ്കയും ആര്‍ച്ച് ബിഷപ്പ് പങ്കുവെച്ചു.

ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശമായ മണ്ഡാലേയിലും രാജ്യത്തിന്റെ മറ്റ് ദുരിത ബാധിത മേഖലകളില്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് സഹായം ലഭ്യമാക്കുന്നുണ്ടെന്ന് അദേഹം വ്യക്തമാക്കി.

'നിങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നു. ഈ ദുഖ നിമിഷത്തില്‍ നിങ്ങളുടെ മുറിവുകള്‍ ഉണക്കാന്‍ ഞങ്ങള്‍ ഒപ്പമുണ്ടാകും. ഈ പ്രതിസന്ധിയെയും നമ്മള്‍ മറികടക്കും '- ദുരിത ബാധിതരോടുള്ള സ്‌നേഹവും കരുതലും കര്‍ദിനാള്‍ ചാള്‍സ് ബോ പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.