രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം; നായക സ്ഥാനത്തേക്ക് സഞ്ജു മടങ്ങിയെത്തി

രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം; നായക സ്ഥാനത്തേക്ക് സഞ്ജു മടങ്ങിയെത്തി

ബംഗളൂരു: രാജസ്ഥാന്‍ നായക സ്ഥാനത്തേക്ക് മടങ്ങിയെത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും താരം മടങ്ങിയെത്തും. ഏപ്രില്‍ അഞ്ചിന് പഞ്ചാബിനെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ സഞ്ജു നായകനായി തിരികെയെത്തും.

വലത് കൈവിരലിന് പറ്റിയ പരിക്ക് ഭേദമായതോടെയാണ് തീരുമാനം. ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒടുവിലായ രാജസ്ഥാന്‍ റോയല്‍സിന് ഇത് ആശ്വാസകരമാണ്.

ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ടും തോറ്റ രാജസ്ഥാന്‍ ആരാധകര്‍ നിരാശരാണ്. യുവതാരം റിയാന്‍ പരാഗ് ആണ് മൂന്ന് മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചത്. പരാഗിന്റെ നായകനായുള്ള പ്രകടനം ഏറെ വിമര്‍ശനം നേരിട്ടിരുന്നു.

വലത് കൈയിലെ ചൂണ്ടുവിരലിലെ പൊട്ടലായിരുന്നു സഞ്ജുവിന്റെ പരിക്ക്. കൈയില്‍ നേരത്തെ ഓപ്പറേഷനും വേണ്ടി വന്നു. ഗുവഹത്തിയിലെ രാജസ്ഥാന്‍ ക്യാമ്പില്‍ നിന്നും സഞ്ജു ബംഗളൂരുവിലേക്ക് പരിശോധനയ്ക്ക് പോയത് കഴിഞ്ഞ ദിവസമാണ്.

ഐപിഎല്ലില്‍ കളിക്കാന്‍ താരത്തിന് നേരത്തെ ഭാഗികമായ അനുമതിയേ നല്‍കിയിരുന്നുള്ളൂ. ബാറ്റ് ചെയ്യാം എന്നാല്‍ ഫീല്‍ഡിങിനോ വിക്കറ്റ് കീപ്പറാകാനോ കഴിയില്ലായിരുന്നു. തുടര്‍ന്ന് ഇംപാക്ട് പ്‌ളെയറായാണ് സഞ്ജു ഇറങ്ങിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ മത്സരത്തില്‍ തന്റെ സ്വതസിദ്ധമായ വെടിക്കെട്ട് ബാറ്റിങ് ശൈലി പുറത്തെടുത്ത സഞ്ജു 66 റണ്‍സും നേടി. രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 13 റണ്‍സും, ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് 20 റണ്‍സും നേടി. സഞ്ജുവിന് പകരം ധ്രുവ് ജുറൈലാണ് രാജസ്ഥാന് വേണ്ടി വിക്കറ്റ് കീപ്പറായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.