മെൽബൺ : ക്രിസ്ത്യൻ വിശ്വാസത്തിൽ അധിഷ്ടിതമായ ഓസ്ട്രേലിയയുടെ സാംസ്കാരിക മുഖം നഷ്ടപ്പെടുന്നതായി യുണൈറ്റഡ് ഓസ്ട്രേലിയ പാർട്ടി സെനറ്റർ റാൽഫ് ബോബിത്. ഓസ്ട്രേലിയയുടെ ക്രിസ്തീയ സംസ്കാരങ്ങൾക്കും പാശ്ചാത്യ സംസ്കാരത്തിനും മേൽ ബോധപൂർവം ആക്രമണങ്ങൾ നടക്കുന്നതായി അദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.
മതത്തെ നശിപ്പിക്കാനായി ഓസ്ട്രേലിയയിൽ ഇടതുപക്ഷം നടത്തുന്ന നീക്കങ്ങൾ വർധിക്കുന്നു. ക്രിസ്ത്യൻ വിശ്വാസത്തിലും പാശ്ചാത്യ സംസ്കാരത്തിലും സ്ഥാപിതമായ ഒരു രാജ്യമാണ് ഓസ്ട്രേലിയ. നിങ്ങൾ ഒരു പുരോഗമന ഇടതുപക്ഷ അംഗം അല്ലാത്തപക്ഷം ഓസ്‌ട്രേലിയ അടിസ്ഥാനപരമായി ഒരു ക്രിസ്ത്യൻ രാഷ്ട്രമാണെന്ന് നിഷേധിക്കാൻ കഴിയില്ലെന്ന് സെനറ്റർ പറഞ്ഞു.
ഓസ്‌ട്രേലിയയെ മഹത്തരമാക്കിയതെല്ലാം തകർക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു. ഇടതുപക്ഷം വാദിക്കുന്നത് പോലെ നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമല്ലെങ്കിൽ ഏതുതരം രാഷ്ട്രമാണെന്ന് അവർ നമ്മോട് പറയണം. ഈ ഭൂഖണ്ഡത്തിൽ ഇസ്ലാമിക സംസ്കാരത്തിൽ നിന്നുള്ള മുസ്ലീം ആളുകൾ സ്ഥിരതാമസമാക്കിയിരുന്നെങ്കിൽ ഓസ്ട്രേലിയ ഓസ്ട്രേലിയ ആകുമായിരുന്നില്ല. അത് പൂർണമായും മറ്റൊന്നായിരിക്കും. ശരിയത്ത് നിയമത്തിന് പകരം നമുക്ക് പൊതുനിയമമുണ്ട്, കാരണം മുഹമ്മദിനെക്കാൾ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ആളുകളാണ് നമ്മെ സ്ഥാപിച്ചതെന്ന് സെനറ്റർ വ്യക്തമാക്കി.
രാഷ്ട്രീയം പ്രധാനമാണ് പക്ഷേ ഇപ്പോൾ അത് സംസ്കാരത്തെ നശിപ്പിക്കുന്നു. നമ്മുടെ പൊതു നിയമം വെറുതെ ഉണ്ടായതല്ല. അത് ക്രിസ്തീയ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ധനികർക്കോ ദരിദ്രർക്കോ ശിക്ഷയില്ലാതെ നീതി ന്യായമായി നടപ്പാക്കണമെന്ന് നമ്മെ പഠിപ്പിച്ചത് മോശയുടെ നിയമമാണ്. ആ തത്ത്വം പുതിയ നിയമത്തിൽ കൂടുതൽ വിശദീകരിച്ചിട്ടുണ്ട്, അവിടെ ക്രിസ്തുവിൽ പുരുഷനോ സ്ത്രീയോ, ജൂതനോ വിജാതീയനോ, അടിമയോ സ്വതന്ത്രനോ ഇല്ലെന്ന് പൗലോസ് അപ്പോസ്തലൻ പറയുന്നുണ്ട്.
നമ്മുടെ ഉന്നതർ ബൈബിൾ നിരസിക്കാനും ക്രിസ്തുമതത്തെ തള്ളിക്കളയാനും തീരുമാനിക്കുമ്പോൾ എന്ത് സംഭവിക്കും? നമ്മുടെ എല്ലാ സ്ഥാപനങ്ങളുടെയും അടിത്തറ നശിക്കുമെന്നും സെനറ്റർ പറയുന്നു.
ഓസ്ട്രേലിയ ഒരു ക്രിസ്ത്യൻ രാജ്യമാണ്. ഇടതുപക്ഷത്തുള്ള കുറച്ച് ആളുകൾ ക്രിസ്ത്യാനിയാകാൻ ആഗ്രഹിക്കാത്തതിനാലാണ് ഇതിനെ എതിർക്കുന്നത് എന്ന് എനിക്കറിയാം. ഓസ്ട്രേലിയ ഒരു ക്രിസ്ത്യൻ രാജ്യമായതിനാൽ എല്ലാ ഓസ്‌ട്രേലിയക്കാരും ക്രിസ്ത്യാനിയാകേണ്ടതില്ല എന്നതാണ് അവർക്ക് മനസിലാകാത്തത്. മനസാക്ഷിയുടെയും വിശ്വാസത്തിന്റെയും സ്വാതന്ത്ര്യം ഒരു ക്രിസ്ത്യൻ ആശയമാണ്. തീവ്ര മതേതരത്വം അത് പഠിപ്പിക്കുന്നില്ല. കമ്മ്യൂണിസം തീർച്ചയായും ഭരണകൂടത്തോടുള്ള അന്ധമായ അനുസരണമല്ലാതെ മറ്റൊരു വിശ്വാസവും ആവശ്യപ്പെടുന്നില്ലെന്നും സെനറ്റർ പറഞ്ഞു.
ഓസ്ട്രേലിയയിലെ മഹത്തായ സംസ്കാരം സംരക്ഷിച്ചില്ലെങ്കിൽ രാജ്യം കമ്മ്യൂണിസം അടക്കമുള്ള മറ്റ് മൂല്യങ്ങളാൽ രൂപപ്പെടും. ഇടതുപക്ഷം നമ്മുടെ ക്രിസ്ത്യൻ പൈതൃകത്തെ പൈശാചികവൽക്കരിക്കുകയും നമ്മുടെ ഇംഗ്ലീഷ് സാംസ്കാരിക വേരുകളെ നിഷേധിക്കുകയും ചെയ്യുമ്പോൾ പിതാവേ.. അവരോട് ക്ഷമിക്കൂ, അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ല എന്ന് കുരിശിൽ കിടന്ന് കർത്താവ് വിളിച്ച് പറഞ്ഞ വാക്കുകളാണ് തന്റെ ചെവിയിലും മുഴങ്ങുന്നതെന്ന് സെനറ്റർ പറഞ്ഞു.
വിശ്വാസിക്കും അവിശ്വാസിക്കും സ്വാതന്ത്ര്യത്തിന്റെ ഉറപ്പ് ക്രിസ്തുമതമാണ്. അതുകൊണ്ടാണ് നമ്മുടെ സംസ്കാരം സംരക്ഷിക്കുന്നതിലും ഓസ്ട്രേലിയ ഒരു ക്രിസ്ത്യൻ രാജ്യമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിലും രാജ്യത്തെ ജനങ്ങൾ പ്രതിഞ്ജാബന്ധരാകണമെന്നും സെനറ്റർ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.