മധുര: കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ ബേബി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയാകും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയുടെ പേര് നിര്‍ദേശിച്ചത് രാവിലെ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാകുന്ന ബേബി 2012 മുതല്‍ പോളിറ്റ് ബ്യൂറോ അംഗമാണ്.
ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്ന നേതാവാണ് എം.എ ബേബി. ജനറല്‍ സെക്രട്ടറി ആരെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ രാത്രി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍, 16 പിബി അംഗങ്ങളില്‍ 11 പേരും ബേബിയെ പിന്തുണച്ചു. യോഗത്തില്‍ പിബി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിര്‍ദേശിച്ചത്.
ബംഗാളില്‍ നിന്നുള്ള പിബി അംഗങ്ങളായ സൂര്യകാന്ത് മിശ്ര, ബംഗാള്‍ സംസ്ഥാന സെക്രട്ടറി കൂടിയായ മുഹമ്മദ് സലിം, നീലോല്‍പ്പല്‍ ബസു, രാമചന്ദ്ര ഡോം എന്നിവരും മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക നേതാവ് അശോക് ധാവ്‌ലെയുമാണ് ബേബിയുടെ പേരിനെ എതിര്‍ത്തത്. മുഖ്യമന്ത്രി പിണറായി വിജയന് പിബിയില്‍ തുടരുന്നതിന് ഇളവ് നല്‍കാനും തീരുമാനിച്ചതായാണ് വിവരം.
പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ ഒഴിവിലേക്ക് മരിയം ധാവ്‌ലെ, യു വാസുക, അമ്രാ റാം, വിജു കൃഷ്ണന്‍, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടാചാര്യ എന്നിവര്‍ പൊളിറ്റ് ബ്യൂറോയിലെത്തും.
പ്രായപരിധി കഴിഞ്ഞ മുതിര്‍ന്ന നേതാക്കളായ പി കെ ശ്രീമതി, ജമ്മു കശ്മീരിലെ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ക്ക് കേന്ദ്രക്കമ്മിറ്റി അംഗങ്ങളായി തുടരുന്നതില്‍ ഇളവ് അനുവദിച്ചു. കേന്ദ്ര കമ്മിറ്റിയിലേക്ക് 30 പുതുമുഖങ്ങള്‍ വരുന്നു എന്ന പ്രത്യേകതയുണ്ട്.
എംഎ ബേബിക്ക് പുറമെ മഹാരാഷ്ട്രയില്‍ നിന്നുള്ള പിബി അംഗം അശോക് ധാവ്ലെയുടെയും ആന്ധ്രയില്‍ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതല്‍ കേട്ടിരുന്നത്. താന്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്കില്ലെന്ന സൂചന രാഘവലു കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ തന്നെ നല്‍കിയിരുന്നു.
കേരളവും ബംഗാളും കഴിഞ്ഞാല്‍ കൂടുതല്‍ അംഗങ്ങളുള്ള തമിഴ്‌നാട് ഘടകവും ബേബിക്ക് അനുകൂലമായിരുന്നു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തില്‍ നിന്നുള്ള അംഗം ജനറല്‍ സെക്രട്ടറിയാകുന്നതില്‍ ഭൂരിപക്ഷം മുതിര്‍ന്ന അംഗങ്ങളും അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നു.
പാര്‍ട്ടിയുടെ കെട്ടുറപ്പ് കരുത്തുറ്റതാക്കാന്‍ കഴിയുന്ന സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന് ഈ പദവിനല്‍കുന്നത് ഗുണകരമാവുമെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. സീനിയോറിട്ടിയും പ്രായവും (72) കേന്ദ്ര ഘടകത്തിലെ അനുഭവങ്ങളും ബേബിക്ക് മുതല്‍ക്കൂട്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.