വേറോനിക്കയുടെ തൂവാല തിരുശേഷിപ്പ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രദര്‍ശിപ്പിച്ചു

വേറോനിക്കയുടെ തൂവാല തിരുശേഷിപ്പ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രദര്‍ശിപ്പിച്ചു

വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിന്റെ പീഡാനുഭവ വഴിയിലെ ചരിത്ര സത്യങ്ങളില്‍ ഒന്നായ വേറോനിക്കയുടെ തൂവാലയുടെ തിരുശേഷിപ്പ് വലിയ നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയായ ഏപ്രില്‍ ആറിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രദര്‍ശിപ്പിച്ചു.

കുരിശും വഹിച്ച് കാല്‍വരിയിലേക്കുള്ള വഴിയില്‍ ക്രിസ്തുവിന്റെ മുഖം തുടച്ച തൂവാലയാണ് ഇതെന്നാണ് വിശ്വാസം. ഏപ്രില്‍ ആറിന് വൈകുന്നേരം ലുത്തീനിയകള്‍ ചൊല്ലിക്കൊണ്ടാണ് വിശ്വാസികള്‍ വിശുദ്ധ വാതിലിലൂടെ ബസിലിക്കയില്‍ പ്രവേശിച്ചത്.

'തിരുമുഖം' എന്നുകൂടി അറിയപ്പെടുന്ന ഈ തിരുശേഷിപ്പ് പ്രത്യേക പ്രാര്‍ഥനകളോടെ വിശ്വാസികള്‍ക്കായി ബസിലിക്കയില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന്, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റ് കര്‍ദിനാള്‍ മൗറോ ഗാംബെറ്റി ദിവ്യബലി അര്‍പ്പിച്ചു.

കുരിശിന്റെ വഴിയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ഈ തിരുശേഷിപ്പ് കുരിശിന്റെ വഴിയിലേക്കുള്ള യാത്രയില്‍ വേറോനിക്ക എന്ന സ്ത്രീ ക്രിസ്തുവിന്റെ മുഖം തുടച്ചതിന്റെ ഓര്‍മ്മയായി ഇന്നും അവശേഷിക്കുന്നു.

ഈ തൂവാലയില്‍ ക്രിസ്തുവിന്റെ യഥാര്‍ഥ മുഖം പതിഞ്ഞിട്ടുണ്ട് എന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. കുരിശിന്റെ തിരുശേഷിപ്പ്, വിശുദ്ധ ലോങ്കിനോസിന്റെ കുന്തത്തിന്റെ തിരുശേഷിപ്പ് എന്നിവയോടൊപ്പം വേറോനിക്കയുടെ തൂവാലയും വലിയ പ്രാധാന്യത്തോടെ കരുതപ്പെടുന്നവയാണ്.

യേശുവിന്റെ തിരുമുഖം ധ്യാനിക്കുന്നതിലൂടെ യേശുവിനെ കൂടുതല്‍ നന്നായി മനസിലാക്കാന്‍ സാധിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

യേശുവിന്റെ തിരുമുഖം പതിഞ്ഞ വേറോനിക്കയുടെ തൂവാല സ്ഥാപിച്ചിരിക്കുന്ന ഇറ്റലിയിലെ ചെറു ഗ്രാമമായ മാനോപ്പെല്ലോയിലെ തിരുനാളിനോടനുബന്ധിച്ച് 2020 ഫെബ്രുവരിയില്‍ വത്തിക്കാനില്‍ നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ യേശുവിന്റെ തിരുമുഖം ധ്യാനിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.