മുംബൈ: ട്രംപ് താരിഫ് ഇഫക്ടില്‍ ഇന്നലെ തകര്‍ന്നടിഞ്ഞ ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്സ് 1200 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 350 പോയിന്റ് ഉയര്‍ന്ന് 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളില്‍ എത്തി.
ഇന്ന് ഏഷ്യന്‍ വിപണി നേട്ടത്തിലാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ഓഹരി വിപണിയുടെ മുന്നേറ്റം. എല്ലാ സെക്ടറുകളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. മിഡ്കാപ്, സ്മോള്‍കാപ് ഓഹരികള്‍ 2.3 ശതമാനമാണ് മുന്നേറിയത്. റിയല്‍റ്റി, മെറ്റല്‍, ഐടി സൂചികകളാണ് പ്രധാനമായി കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയാണ് ഇന്നലെ ഓഹരി വിപണിയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ഏഷ്യന്‍ വിപണിയുടെ തകര്‍ച്ച ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. എന്നാല്‍ ഇത് താല്‍കാലികം മാത്രമാണെന്ന ചിന്തയാണ് വിപണി തിരിച്ചുകയറാന്‍ കാരണം. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞു. ഏഴ് പൈസയുടെ നഷ്ടത്തോടെ 85.83 എന്ന നിലയിലാണ് രൂപയുടെ വിനിമയം. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.