വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഞായറാഴ്ചത്തെ സന്ദേശം പതിവ് പോലെ അന്നത്തെ ബൈബിൾ വായനയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ലത്തീൻ ക്രമമനുസരിച്ച് യേശുവിന്റെ രൂപാന്തരീകരണം വിവരിക്കുന്ന ഭാഗമായിരുന്നു സുവിശേഷ വായന. തന്റെ പീഡാനുഭത്തെയും ഉത്ഥാനത്തെയും കുറിച്ച് ശിഷ്യന്മാരോട് പ്രവചിച്ചതിന് ശേഷമാണ് ഈശോ മലയിലേക്ക് കയറിയതും അവിടെ വച്ച് രൂപാന്തരീകരണം സംഭവിച്ചതും. ശിഷ്യന്മാരെ സംബന്ധിച്ച് “ശക്തനും വിജയിയുമായ മിശിഹായുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുന്നു. അവരുടെ സ്വപ്നങ്ങൾ തകർന്നുവീഴുന്നു. അവർ വിശ്വസിച്ച അവരുടെ ഗുരു ഒരു കുറ്റവാളിയെപ്പോലെ കൊല്ലപ്പെടാൻപോകുന്നു." ഈ ആശങ്കയുമായാണ് അവർ ഈശോയോടൊപ്പം മലയിലേക്ക് പോകുന്നത്.താൻ മരണത്തെ മറികടക്കും എന്ന് ഈശോ അവരെ ഓർമ്മിപ്പിച്ചു.
"റബ്ബി നമുക്ക് ഇവിടെ ആയിരിക്കാം"എന്ന പത്രോസിന്റെ വാക്കുകൾ , അവസാന വാക്ക് ഒരിക്കലും അന്ധകാരത്തിന്റേതാവാൻ കർത്താവ് അനുവദിക്കില്ല എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അവസാനമില്ലാത്ത പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോൾ, നമുക്ക് മറ്റൊരു കാഴ്ചപ്പാട് ആവശ്യമാണ്: “ജീവിതത്തിന്റെ ആഴത്തിലുള്ള നിഗൂഡതയിലേക്ക് പ്രകാശം വീശുന്ന, മനസ്സിന്റെ ചട്ടക്കൂടിനും ഈ ലോകത്തിന്റെ മാനദണ്ഡങ്ങൾക്കും അതീതമായി നീങ്ങാൻ സഹായിക്കുന്ന ഒരു കാഴ്ചപ്പാട്." നാമും കർത്താവിനൊപ്പം മല കയറാൻ വിളിക്കപ്പെട്ടവരാണ്; നമ്മുടെ ജീവിതത്തിന്റെ ഓരോ കണികയും ഈസ്റ്ററിന്റെ വിജയത്തിന്റെ പ്രകാശത്താൽ തിളങ്ങണം.
രൂപാന്തരീകരണത്തിലെ നമ്മുടെ സന്തോഷം ഒരിക്കലും 'ആത്മീയ അലസത' ആയിത്തീരരുത്. നമുക്ക് മലയിൽത്തന്നെ തുടരാനും ആ കണ്ടുമുട്ടലിന്റെ ആനന്ദം സ്വയം ആസ്വദിച്ചുകൊണ്ട് അവിടെത്തന്നെ ആയിരിക്കാനും സാധിക്കില്ല. നമ്മുടെ സഹോദരങ്ങളുടെ ഇടയിലേക്കും ദൈനംദിന ജീവിതത്തിന്റെ താഴ്‌വരയിലെക്കും കർത്താവ് തന്നെ നമ്മെ തിരിച്ചു കൊണ്ടുവരുന്നു. മറ്റുള്ളവർ നേരിടുന്ന കഷ്ടതകളെ അവഗണിച്ച്കൊണ്ട് നമ്മുടെ സന്തോഷത്തിൽ തുടരാൻ ആത്മീയ അലസത കാരണമാകുന്നു." മല കയറുക എന്നാൽ യാഥാർഥ്യത്തെ മറക്കുക എന്നല്ല; പ്രാർത്ഥിക്കുക എന്നാൽ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ ഒഴിവാക്കുക എന്നും അല്ല" പാപ്പാ പറഞ്ഞു.
യേശുവുമൊത്തുള്ള നമ്മുടെ അനുഭവത്തിൽ മാറ്റം വരണം. അവന്റെ വെളിച്ചം ലോകം മുഴുവൻ വഹിച്ചുകൊണ്ട് പോകണം.ക്രിസ്ത്യാനിയുടെ ദൗത്യം എന്നത് മറ്റുള്ളവരുടെ ഹൃദയത്തിൽ സ്നേഹവും പ്രത്യാശയും വഹിക്കുന്ന സുവിശേഷത്തിന്റെ ചെറിയ വിളക്കുകളാവുക എന്നതാണ്.
പതിവ് പോലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടിക്കൊണ്ട് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചു. ക്രിസ്തുവിന്റെ വെളിച്ചത്തെ സ്വാഗതം ചെയ്യുന്നതിനും,കരുതലോടെ കാക്കുന്നതിനും അവനെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പങ്ക് വയ്ക്കുന്നതിനും അമ്മ കൂടെയുണ്ടാവണം എന്ന പ്രാർത്ഥനയ്ക്ക് ശേഷം കർത്താവിന്റെ മാലാഖ ചൊല്ലി പാപ്പാ തന്റെ ഞായറഴ്ച പ്രസംഗം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26