'ഗാഗുല്‍ത്താ 2K25': മാനന്തവാടി രൂപതയില്‍ കാല്‍നട തീര്‍ത്ഥാടനവും ദണ്ഡവിമോചന ശുശ്രൂഷയും ഏപ്രില്‍ 11 ന്

'ഗാഗുല്‍ത്താ 2K25': മാനന്തവാടി രൂപതയില്‍  കാല്‍നട തീര്‍ത്ഥാടനവും ദണ്ഡവിമോചന ശുശ്രൂഷയും ഏപ്രില്‍ 11 ന്

മാനന്തവാടി: വലിയ നോമ്പാചരണത്തിന്റെ നാല്‍പതാം വെളളിയാഴ്ചയായ ഏപ്രില്‍ 11 ന് കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് കാല്‍നട തീര്‍ത്ഥാടനവും ദണ്ഡവിമോചന ശുശ്രൂഷയും നടത്തുന്നു.

മാനന്തവാടി രൂപതയിലെ ദ്വാരക, കല്ലോടി, പയ്യമ്പള്ളി, മാനന്തവാടി ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ 'ഗാഗുല്‍ത്താ 2K25' എന്ന പേരിലാണ് തീര്‍ത്ഥയാത്ര സംഘടിപ്പിക്കുന്നത്. വെളളിയാഴ്ച വൈകിട്ട് 4.30 ന് വിവിധ ഫൊറോന കേന്ദ്രങ്ങളില്‍ നിന്നാരംഭിക്കുന്ന തീര്‍ത്ഥാടനം ഏഴിവ് കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിച്ചേരും.

മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, വിവിധ ഇടവകകളില്‍ നിന്നുളള വൈദികര്‍, സന്യസ്തര്‍ എന്നിവരും വിശ്വാസികള്‍ക്കൊപ്പം തീര്‍ത്ഥയാത്രയില്‍ പങ്കുചേരും.

കണിയാരം കത്തീഡ്രല്‍ വികാരി ഫാ.സോണി വാഴകാട്ട്, പയ്യമ്പളളി ഫൊറോന വികാരി ഫാ.സെബാസ്റ്റ്യന്‍ ഏലംകുന്നേല്‍, കല്ലോടി ഫൊറോന വികാരി ഫാ.സജി കോട്ടായില്‍, ദ്വാരക ഫൊറോന വികാരി ഫാ.ബാബു മൂത്തേടത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ആഗോള കത്തോലിക്ക സഭ ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നത്. എല്ലാവര്‍ക്കും നേര്‍ച്ച കഞ്ഞിയും തിരികെയുളള യാത്രയ്ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.