വാഷിങ്ടൺ ഡിസി : അമേരിക്കൻ കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ ഈ വർഷത്തെ ബിരുദദാന ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സുവിശേഷ പ്രഘോഷകനുമായ മിനസോട്ട ബിഷപ്പ് റോബർട്ട് ബാരൻ മുഖ്യ അതിഥിയായെത്തി സന്ദേശം നൽകും. യൂട്യൂബിൽ ഇരുപത് ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ബിഷപ്പ് റോബർട്ട് ബാരൻ ഈ യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർത്ഥി കൂടിയാണ് .
വാഷിങ്ടൺ ഡിസിയിൽ ഉൾപ്പടെ ക്യാമ്പസ് ഉള്ള അമേരിക്കൻ കാത്തലിക് യൂണിവേഴ്സിറ്റി യുഎസിലെ കത്തോലിക്ക സഭയുടെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആണ്. ആയിരത്തി മുന്നോറോളം വിദ്യാർത്ഥികളാണ് ഈ വർഷത്തെ ബിരുദ ദാനചടങ്ങിൽ ബിരുദം സ്വീകരിക്കുന്നത്.
ബിഷപ്പ് റോബർട്ട് ബാരൻ തന്റെ ജീവിതത്തിലുടനീളം സുവിശേഷവത്കരണത്തിനും വിദ്യാഭ്യാസത്തിനും വലിയ സംഭാവനകൾ നൽകുന്ന വ്യക്തിയാണെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് പീറ്റർ കിൽപാട്രിക് പറഞ്ഞു. തന്റെ വിഡിയോകൾ വഴിയും പുസ്തകങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങൾ വഴിയും കത്തോലിക്ക പഠനങ്ങളുടെയും വിശ്വാസത്തിന്റെയും തിരിവെളിച്ചം ലക്ഷക്കണക്കിന് ആളുകൾക്ക് അദേഹം പകർന്നു നൽകാറുണ്ട്. പരിഷ്കൃത സംസ്കാരത്തെ ഉൾക്കൊണ്ടുകൊണ്ട് അതിലൂടെ കത്തോലിക്കാ പാരമ്പര്യം പകർന്ന് നൽകാനുള്ള അദേഹത്തിന്റെ കഴിവ് വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും പീറ്റർ കിൽപാട്രിക് കൂട്ടിച്ചേർത്തു.
മനോഹരമായ രീതിയിൽ നന്മയുള്ള അതിലേറെ സത്യത്തിലധിഷ്ഠിതമായ സുവിശേഷവത്ക്കരണത്തിനുള്ള ബിഷപ്പ് റോബർട്ട് ബാരന്റെ അതിശയപരമായ കഴിവ് പഠനം പൂർത്തിയാക്കി പുതിയ മേഖലകളിലേക്ക് ചുവട് വയ്ക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വെളിച്ചമാകുമെന്ന് പീറ്റർ പ്രത്യാശ പ്രകടിപ്പിച്ചു.
1982ൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ബിരുദാന്തര ബിരുദം നേടിയ ബിഷപ്പ് റോബർട്ട് ബാരൻ ക്ഷണം സന്തോഷപൂർവം സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.