കോവിഡ് രോഗികള്‍ക്കും സമ്പർക്കത്തിൽപെട്ടവർക്കും ക്വാറന്റീന്‍ നിയമങ്ങളിൽ ഇളവ് നൽകി യുഎഇ

കോവിഡ് രോഗികള്‍ക്കും സമ്പർക്കത്തിൽപെട്ടവർക്കും ക്വാറന്റീന്‍ നിയമങ്ങളിൽ ഇളവ് നൽകി യുഎഇ

അബുദാബി: രാജ്യത്തെ കോവിഡ് രോഗികള്‍ക്കും സമ്പർക്കത്തില്‍ വന്നവർക്കുമുളള ക്വാറന്റീന്‍ നിയമങ്ങളില്‍ മാറ്റം വരുത്തി യുഎഇ ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി.

കോവിഡ് ബാധിച്ച, രോഗലക്ഷണങ്ങളില്ലാത്തവർക്ക് ആശുപത്രിയിലെ കുറച്ചുദിവസത്തെ നിരീക്ഷണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാം. പിന്നീട് ഇവർ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാകും. കോവിഡിന്റെ സാരമല്ലാത്ത ലക്ഷണങ്ങളുളളവർക്ക് വീട്ടില്‍ തന്നെ ക്വാറന്റീന്‍ മതിയാകും.

അതിതീവ്ര അസ്വസ്ഥതകള്‍ ഉളളവരെയാണ് ആശുപത്രിയിലേക്ക് മാറ്റുക. തീവ്രത കൂടിയ ലക്ഷണങ്ങളാണ് കാണിക്കുന്നതെങ്കില്‍ സർക്കാർ ക്വാറന്റീനിലേക്ക് മാറ്റും. ശരീരം രോഗ പ്രതിരോധ ശേഷി വീണ്ടെടുത്തുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. പനിയില്ലെങ്കില്‍ മറ്റ് മരുന്നുകളുടെ ആവശ്യകതയില്ല.


എന്നാല്‍ രോഗം ബാധിച്ചവർ ക്വാറന്റീന്‍ കാലയളവില്‍ പിസിആർ ടെസ്റ്റ് നടത്തണം. 48 മണിക്കൂര്‍ ഇടവിട്ടാണ് പിസിആര്‍ ടെസ്റ്റ് നടത്തേണ്ടത്. ഗുരുതരമായി രോഗം ബാധിച്ചവര്‍ 20 ദിവസം വരെ ആശുപത്രിയില്‍ കിടക്കേണ്ടിവരും. 24 മണിക്കൂര്‍ കൂടുമ്പോള്‍ ഇവര്‍ പിസിആർ ടെസ്റ്റ് നടത്തണം. കോവിഡ് ടെസ്റ്റ്‌ നെഗറ്റീവായാൽ ആശുപത്രിയില്‍ നിന്നും പോകാന്‍ സാധിക്കുകയുള്ളു. ദുബായ് ഒഴികെയുള്ള എല്ലാ എമിറേറ്റുകളിൽ ഈ നിയമം ബാധകമാണ്.


ദുബായില്‍ ചെറിയ രീതിയില്‍ രോഗലക്ഷണങ്ങളുളളവർ 10 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. എന്നാല്‍ ഗുരുതര രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ 800 342 നമ്പറിൽ വിളിച്ചറിയിക്കണം.

കോവിഡ് രോഗികള്‍ക്കൊപ്പം മാസ്ക് ധരിക്കാതെ 15 മിനിറ്റിൽ കൂടുതൽ കഴിഞ്ഞവരെ രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഇവര്‍ 14 ദിവസം ക്വാറന്റീനില്‍ ഇരിക്കണം. ഈ സമയത്ത് രോഗലക്ഷണമുണ്ടായാല്‍ കോവിഡ് പരിശോധന നടത്തണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നുണ്ട്. ദുബായില്‍ കോവിഡ് ബാധിതരുമായി അടുത്തിടപെടേണ്ടി വന്നവര്‍ 10 ദിവസം ക്വാറന്റീനില്‍ ഇരിക്കണമെന്ന് ദുബായ് ആരോഗ്യ വകുപ്പധികൃതര്‍ ജനുവരി അവസാനവാരം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.