വ്യാജമായി നടപ്പാക്കുക അസാധ്യമെന്ന് വിദഗ്ധര്‍.
വാഷിങ്ടണ്‍: ലോകത്ത് ആദ്യ 'ലേഡീസ് ഓണ്‍ലി' ബഹിരാകാശ യാത്ര വിവാദത്തില്‍. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ എയ്റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍ നടത്തിയ 'ന്യൂ ഷെപ്പേഡ് 31' ദൗത്യം വ്യാജമാണെന്നാണ് വിമര്‍ശകരുടെ ആരോപണം.
യുഎസ് പോപ്പ് ഗായിക കാറ്റി പെറി, ജെഫ് ബെസോസിന്റെ കാമുകി ലോറന്‍ സാഞ്ചസ് എന്നിവര്‍ ഉള്‍പ്പെടെ ആറ് വനിതകളാണ് ദൗത്യത്തിലുണ്ടായിരുന്നത്. യൂട്യൂബ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ യാത്ര തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഈ ദൃശ്യങ്ങളില്‍ തന്നെ അത് വ്യാജമാണെന്നതിന് തെളിവുണ്ടെന്നാണ് പലരും പറയുന്നത്.
ദൗത്യത്തിന്റെ ഭാഗമായ ആറ് വനിതകളും സഞ്ചരിച്ച ക്യാപ്സ്യൂളിന്റെ വാതില്‍ ലാന്‍ഡിങിന് ശേഷം അകത്തു നിന്ന് തുറന്നതായി ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് തന്നെ അവര്‍ വാതിലടയ്ക്കുകയും ചെയ്തുവെന്നത് ദൗത്യം വ്യാജമാണെന്നതിന്റെ തെളിവാണന്ന് വിമര്‍ശകര്‍ വാദിക്കുന്നു.
സാധാരണഗതിയില്‍ ബഹിരാകാശ ക്യാപ്സ്യൂളുകളുടെ വാതില്‍ പുറത്തു നിന്ന് റിക്കവറി സംഘമാണ് തുറക്കുന്നത്. ക്യാപ്സ്യൂളിന്റെ വാതില്‍ അകത്തു നിന്ന് തുറക്കുന്നത് ബഹിരാകാശ വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച പ്രോട്ടോക്കോളുകള്‍ക്ക് എതിരാണെന്നാണ് ഇവര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള നാടകമാണ് എന്നാണ് ചിലരുടെ വാദം.
അസാധാരണമായ തരത്തില്‍ എല്ലാം തികഞ്ഞ ദൗത്യമായിരുന്നു 'ന്യൂ ഷെപ്പേഡ് 31' എന്നും അതിനാല്‍ തന്നെ ഇത് സംശയമുണ്ടാക്കുന്നുവെന്നുമാണ് ഇവരുടെ മറ്റൊരു വാദം. സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ നാടകമായതിനാലാണ് ഇത്ര കൃത്യത.
കുറ്റമറ്റ രീതിയിലുള്ള വിക്ഷേപണം, ലാന്‍ഡിങ്, കാറ്റി പെറിയുടെ ഉള്‍പ്പെടെ നാടകീയമായ പ്രതികരണങ്ങള്‍, അവ ഒപ്പിയെടുത്ത കൃത്യമായ ക്യാമറാ ആംഗിളുകള്‍ ഇവയെല്ലാം സ്വാഭാവികതയ്ക്കപ്പുറം സിനിമാറ്റിക് ആയിരുന്നുവെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ പറയുന്നത്.
എന്നാല്‍ ഈ വാദങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് ബഹിരാകാശ വിദഗ്ധര്‍ പറയുന്നത്. അടിയന്തര സാഹചര്യങ്ങളിലേക്കായി സ്പേസ് ക്യാപ്സ്യൂളുകളുടെ വാതിലുകള്‍ അകത്ത് നിന്ന് തുറക്കാന്‍ കഴിയുന്ന തരത്തിലും രൂപകല്‍പ്പന ചെയ്യാറുണ്ട്. അതിനാല്‍ തന്നെ യാത്രയില്‍ പങ്കെടുത്തവര്‍ വാതില്‍ അകത്തുനിന്ന് തുറന്നത് അസാധാരണല്ല.
നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികളും ബ്ലൂ ഒറിജിന്റെ മിഷന്‍ കണ്‍ട്രോളും 'ന്യൂ ഷെപ്പേഡ് 31' ദൗത്യം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. കൂടാതെ പൊതുജനങ്ങള്‍ക്കായി തത്സമയ സംപ്രേക്ഷണവുമുണ്ടായിരുന്നു. അതിനാല്‍ വ്യാജമായി ഇത് നടപ്പാക്കുക അസാധ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.