അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന

അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ ആചരിക്കുന്നു. യേശുവിന്റെ കുരിശ് മരണത്തിന് മുമ്പ് തന്റെ 12 ശിഷ്യന്മാര്‍ക്കൊപ്പം കഴിച്ച അവസാന അത്താഴത്തിന്റെ സ്മരണയിലാണ് പെസഹ ആചരിക്കുന്നത്. ദേവാലയങ്ങളില്‍ ഇന്ന് ദിവ്യബലിയും കാല്‍കഴുകല്‍ ശ്രൂശ്രഷയും ഉണ്ടായിരിക്കും.

സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കാക്കനാട് സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ രാവിലെ 6:30 ന് പെസഹ തിരുകര്‍മ്മങ്ങള്‍ നടന്നു. ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ കത്തീഡ്രലിലും ബിഷപ് മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും മുഖ്യകാര്‍മിനാകും. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ രാവിലെ 6:30 ന് ആരംഭിച്ച പെസഹാ ശുശ്രൂഷകള്‍ക്ക് അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികനായിരുന്നു. വിമലഗിരി കത്തീഡ്രലില്‍ ബിഷപ് സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍ കാര്‍മികനാകും.

തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ നടന്ന പെസഹാ വ്യാഴ ശുശ്രൂഷകള്‍ക്ക് യാക്കോബായ സഭ അധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് ജോസഫ് ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. വൈദികരും വിശ്വാസികളും പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് നാലിന് ബസേലിയോസ് ജോസഫ് ബാവ കോതമംഗലം മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയില്‍ നടക്കുന്ന കാല്‍കഴുകല്‍ ചടങ്ങിലും പങ്കെടുക്കും. മണര്‍കാട് പള്ളിയിലെ ദുഖവെള്ളി ശുശ്രൂഷകള്‍ക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖ്യകാര്‍മികനാകും. ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വാഴൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെസഹാ, ദുഖവെള്ളി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

'കടന്നുപോകല്‍' എന്നാണ് പെസഹ എന്ന വാക്കിന് അര്‍ത്ഥം. ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തില്‍ നിന്ന് ഇസ്രയേല്‍ ജനത മോശയുടെ നേതൃത്വത്തില്‍ വിമോചിതരായതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ച വേളയില്‍ എല്ലാവരിലും വലിയവന്‍ എല്ലാവരുടെയും സേവകനായിരിക്കണമെന്ന മാതൃക പകര്‍ന്ന്, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിച്ച് പുരോഹിതര്‍ എല്ലാ ദേവാലയങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദം കഴുകുന്ന ശുശ്രൂഷ ഉണ്ടാകും. യേശു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ അനുസ്മരണവും ഉണ്ടാകും. ഓശാന ഞായറാഴ്ച ആരംഭിച്ച കഷ്ടാനുഭവ വാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ.


കാല്‍ കഴുകല്‍ ശുശ്രൂഷയാണ് പെസഹ ദിനത്തിലെ പ്രധാന ചടങ്ങ്. അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. തുടര്‍ന്ന് അപ്പം മുറിക്കലും നടക്കും. അത്താഴം കഴിക്കുന്നതിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചിരുന്നു. ശേഷം 'ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവീന്‍ എന്ന് കല്‍പ്പിച്ചു.'

ഈ ചടങ്ങുകള്‍ക്ക് ശേഷം ദേവാലയങ്ങളില്‍ അപ്പം മുറിക്കലും നടക്കും. അവസാന അത്താഴ സമയത്ത് യേശു തന്റെ പാത്രത്തിലെ അപ്പമെടുക്കുകയും ഇത് തന്റെ ശരീരമാണെന്ന് പറഞ്ഞ്, വിഭജിച്ച് ശിഷ്യന്മാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. അതിന്റെ ഓര്‍മയ്ക്കായാണ് അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കുക.
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ദിനമാണ് പെസഹ വ്യാഴം. ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ക്ക് തുടക്കമായി. സിറോ മലബാര്‍ സഭയിലും യാക്കോബായ, ഓര്‍ത്തഡോക്സ്, മലങ്കര കത്തോലിക്ക, മര്‍ത്തോമ സഭാ വിഭാഗങ്ങളുടെ പള്ളികളിലും പെസഹ ആചരിക്കും. രാവിലെ കുര്‍ബാനയ്ക്ക് ശേഷം വൈകുന്നേരം വരെ ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും.

കുര്‍ബാനയ്ക്ക് ശേഷം വിശ്വാസികള്‍ക്ക് പുരോഹിതര്‍ അപ്പവും വീഞ്ഞും നല്‍കും. ഇതോടെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും. വീടുകളില്‍ രാത്രി അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കായി പുളിപ്പില്ലാത്ത അരിമാവുകൊണ്ടുള്ള അപ്പവും തേങ്ങ പിഴിഞ്ഞ് ശര്‍ക്കരയും ഏലക്കയും ചേര്‍ത്ത് പാലും തയ്യാറാക്കും.
വിശുദ്ധവാരത്തിലെ ദുഖവെള്ളിയാഴ്ച യേശുവിന്റെ പീഡാസഹനം, കുരിശുമരണം, കബറടക്കം എന്നിവ അനുസ്മരിക്കുന്ന ശുശ്രൂഷകളാണ്. മൂന്നാം ദിവസം യേശുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഞായറാഴ്ച ഉയിര്‍പ്പ് തിരുനാള്‍ (ഈസ്റ്റര്‍) ആഘോഷിക്കുന്നതോടെ വലിയ നോമ്പാചരണം സമാപിക്കും.

അതേസമയം അന്ത്യഅത്താഴം പ്രമേയമാക്കിയുള്ള 'ദ ചോസണ്‍' വ്യാഴാഴ്ച കേരളത്തില്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് എത്തും. പ്രദര്‍ശനം ഈസ്റ്റര്‍ ഞായര്‍ വരെ തുടരാനും സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.