വ്യാജ പ്രചരണത്തിലൂടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഭിന്നത സൃഷ്ടിക്കരുതെന്ന് കാഞ്ഞിരപ്പിള്ളി രൂപത

വ്യാജ പ്രചരണത്തിലൂടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഭിന്നത സൃഷ്ടിക്കരുതെന്ന് കാഞ്ഞിരപ്പിള്ളി രൂപത

കാഞ്ഞിരപ്പിള്ളി: കാഞ്ഞിരപ്പിള്ളി രൂപതയില്‍ സ്ലീവാപ്പാത (കുരിശിന്റെ വഴി) നിരോധിച്ചുവെന്ന വ്യാജ പ്രചരണത്തിലൂടെ രൂപതാധ്യക്ഷനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്നതായി കാഞ്ഞിരപ്പിള്ളി രൂപത.

വിശുദ്ധ വാരത്തോടനുബന്ധിച്ച് രൂപതാധ്യക്ഷന്റെ നിര്‍ദേശമനുസരിച്ച് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് വൈദികര്‍ക്കായി നല്‍കിയ ഓര്‍മപ്പെടുത്തലുകളെയാണ് ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.

സീറോ മലബാര്‍ സഭയുടെ പാരമ്പര്യങ്ങളോടും സിനഡ് നിര്‍ദേശങ്ങളോടും ചേര്‍ന്ന്, ആരാധന ക്രമത്തിന്റെ തലവനെന്ന നിലയില്‍ തനിക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന രൂപതയില്‍ ദൈവാരാധന പൂര്‍ണതയില്‍ നടത്തപ്പെടുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ രൂപതാധ്യക്ഷന് കടമയുണ്ട്.

കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ എല്ലാവര്‍ക്കും അറിവുള്ളതുപോലെ വലിയ നോമ്പ് കാലത്ത്, പ്രത്യേകിച്ച് വെള്ളിയാഴ്ചകളില്‍ പൊതുവായി കുരിശിന്റെ വഴി നടത്തുന്ന പതിവ് നാളുകളായി രൂപതയിലെ എല്ലാ പള്ളികളിലും നിലനില്‍ക്കുന്നുണ്ട്.

കുരിശിന്റെ വഴിയുള്‍പ്പെടെയുള്ള വിശുദ്ധവാര കര്‍മ്മങ്ങള്‍ അര്‍ത്ഥവത്തും പ്രാര്‍ത്ഥനാപൂര്‍വകവുമായി നടത്തുന്നതിനു വേണ്ടി അവയുടെ ചൈതന്യത്തിന് വിഘാതമാകുന്ന നാടകീയാവിഷ്‌കാരങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് നല്‍കപ്പെട്ടത്.

അടിസ്ഥാന രഹിതമായ പ്രചരണങ്ങളിലൂടെ ദൈവജനത്തെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ഗൂഢശ്രമങ്ങളെ സഭാ സമൂഹം തീര്‍ച്ചയായും തിരിച്ചറിയും. ധ്യാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും ചൈതന്യം നിറഞ്ഞ വിശുദ്ധവാരത്തില്‍ പോലും സ്വാര്‍ത്ഥ ലക്ഷ്യത്തോടെ അസത്യ പ്രചരണങ്ങള്‍ നടത്തി രൂപതാധ്യക്ഷനെയും രൂപതയെ യും അധിക്ഷേപിക്കുന്നത് തികച്ചും ഖേദകരമാണ്.

തെറ്റിദ്ധാരണ പരത്തി സഭയില്‍ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നക്കുന്നവര്‍ ഈ വിധത്തിലുള്ള സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുമെന്ന്കരുതുന്നതായി കാഞ്ഞിരപ്പിള്ളി രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.