'ധ്വനി': ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ വന്‍ മുന്നേറ്റം; തൊടുത്താല്‍ അമേരിക്കയിലെത്തും

'ധ്വനി': ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ വന്‍ മുന്നേറ്റം; തൊടുത്താല്‍ അമേരിക്കയിലെത്തും

ന്യൂഡല്‍ഹി: ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യയില്‍ ശക്തരായ അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും. ഡിആര്‍ഡിഒ വികസിപ്പിക്കുന്ന പുതിയ ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ 'ധ്വനി' ഈ രംഗത്ത് ഇന്ത്യയെ ലോക ശക്തികളിലൊന്നായി അടയാളപ്പെടുത്തും. ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ ഇവ പറക്കും.

സബ് സോണിക് (ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗത), ട്രാന്‍ സോണിക് (ഏകദേശം ശബ്ദത്തിനൊപ്പമുള്ള വേഗത), സൂപ്പര്‍ സോണിക് (ശബ്ദത്തെക്കാള്‍ വേഗത), ഹൈപ്പര്‍ സോണിക് (ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗത) എന്നിങ്ങനെയാണ് ഈ കാറ്റഗറികളെ വേര്‍തിരിച്ചിട്ടുള്ളത്.

അതില്‍ സൂപ്പര്‍ സോണിക് മിസൈല്‍ സാങ്കേതിക വിദ്യകള്‍ വരെ സ്വായത്തമാക്കിയ നിരവധി രാജ്യങ്ങളുണ്ട്. എന്നാല്‍ ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യ സ്വന്തമായുള്ള രാജ്യങ്ങള്‍ അമേരിക്ക, റഷ്യ, ചൈന എന്നിവയാണ്. ആ നിരയിലാണ് ഇനി ഇന്ത്യയും സ്ഥാനമുറപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഡിആര്‍ഡിഒ വികസിപ്പിക്കുന്ന 'ധ്വനി'യുടെ പൂര്‍ണ മാതൃക കഴിഞ്ഞ എയ്റോ ഇന്ത്യ പ്രതിരോധ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒമ്പത് മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുള്ള ഈ ഗ്ലൈഡ് വെഹിക്കിളിന്റെ രൂപകല്‍പ്പന ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യയില്‍ ഇന്ത്യ എത്രത്തോളം പുരോഗമിച്ചുവെന്ന് വ്യക്തമാക്കുന്നതാണ്.

ഫ്യൂസലേജും ചിറകും ഒരേ പ്രതലത്തിലേക്ക് സംയോജിപ്പിച്ച ബ്ലെന്‍ഡഡ് വിങ് ബോഡിയാണ് 'ധ്വനി'ക്കുള്ളത്. ഇത് പരമ്പരാഗത ഡിസൈനുകളെ അപേക്ഷിച്ച് ഉയര്‍ന്ന കാര്യക്ഷമത വാഗ്ദാനം ചെയ്യുന്നു.

ഭൗമാന്തരീക്ഷത്തിന് പുറത്തേക്ക് ബൂസ്റ്റര്‍ റോക്കറ്റുകളുടെ സഹായത്തോടെ വിക്ഷേപിക്കുന്ന 'ധ്വനി' അവിടെ നിന്ന് സ്വയം ഗ്ലൈഡ് ചെയ്ത് ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കും. സഞ്ചാരത്തിനിടെയില്‍ വളഞ്ഞും പുളഞ്ഞും കുത്തനെ ഉയര്‍ന്നും താഴ്ന്നുമൊക്കെ സഞ്ചരിക്കുന്നതിനാല്‍ സാധാരണ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇതിന്റെ സഞ്ചാരപാത കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കില്ല.

മാത്രമല്ല, ഹൈപ്പര്‍ സോണിക് വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള സമയവും കിട്ടില്ല. മാക്ക് 5 അഥവാ ശബ്ദത്തിനേക്കാള്‍ അഞ്ചു മടങ്ങ് വേഗത്തിലാവും (മണിക്കൂറില്‍ 6,200 കിലോ മീറ്റര്‍) 'ധ്വനി' സഞ്ചരിക്കുക. ഇതിന്റെ സവിശേഷമായ ഡിസൈന്‍ ഉയര്‍ന്ന ലിഫ്റ്റ് ടു ഡ്രാഗ് അനുപാതം ഉറപ്പാക്കുന്നതിനാല്‍ വളരെ ദൂരത്തേക്ക് ഒരു വലിയ പേലോഡ് വഹിക്കാനുള്ള ശേഷിയും നല്‍കുന്നു.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ചില പ്രദേശങ്ങളില്‍ വരെ എത്താന്‍ സാധിക്കുന്ന ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ 'അഗ്‌നി 5'ന് 5,500 കിലോ മീറ്ററാണ് ദൂര പരിധി. എന്നാല്‍ ഇതിന് 6500 മുതല്‍ 10,000 കിലോ മീറ്റര്‍ വരെ ദൂരപരിധിയുണ്ടായേക്കാമെന്നാണ് 'ധ്വനി'യേപ്പറ്റി പുറത്തു വരുന്ന വിവരങ്ങള്‍. എന്നു വെച്ചാല്‍ വടക്കന്‍ അമേരിക്കയുടെ ചില പ്രദേശങ്ങളില്‍ വരെ ആക്രമണം നടത്താന്‍ സാധിക്കും.

ബാലിസ്റ്റിക് മിസൈലുകള്‍ സാധാരണ ഗതിയില്‍ അന്തരീക്ഷത്തിന് പുറത്തേക്ക് എത്തി ബുസ്റ്റര്‍ സഹായത്തോടെ ലക്ഷ്യത്തിന് മുകളിലെത്തിയതിന് ശേഷം ഭൂഗുരുത്വമുപയോഗിച്ച് താഴേക്ക് പതിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ 'ധ്വനി'യുടെ പ്രവര്‍ത്തനത്തില്‍ ചില വ്യത്യാസങ്ങളുണ്ട്.

ബുസ്റ്റര്‍ സഹായത്തോടെ അന്തരീക്ഷത്തിന്റെ ഏറ്റവും ഉയര്‍ന്ന പാളിയിലേക്കാണ് 'ധ്വനി' എത്തുന്നത്. ഇവിടം മുതല്‍ അന്തരീക്ഷത്തിലുടെ അതിവേഗത്തില്‍ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ചെയ്യുന്നത്. പരമ്പരാഗത പോര്‍മുനകള്‍ക്ക് പുറമെ ആണവ പോര്‍മുനകളെ വഹിക്കാനുള്ള ശേഷിയും 'ധ്വനി'ക്കുണ്ടാകും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.