ഫ്രാന്‍സിസ് മാർപാപ്പായുടെ വിയോഗം: വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റിവച്ചു

ഫ്രാന്‍സിസ് മാർപാപ്പായുടെ വിയോഗം: വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റിവച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാർപാപ്പായുടെ വിയോഗത്തെ തുടര്‍ന്ന് വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ചു. കൗമാരക്കാരുടെ ആഗോള ജൂബിലി സംഗമത്തിനിടെ ഏപ്രിൽ 27 ഞായറാഴ്ചയാണ് വത്തിക്കാന്‍ ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.

വിശുദ്ധ പദവി പ്രഖ്യാപനത്തിനായി 80,000-ത്തിലധികം കൗമാരക്കാർ ഒത്തുകൂടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് സുവിശേഷ വൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി അറിയിച്ചു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഉക്രെയ്ൻ, യു.കെ, ജർമ്മനി, ചിലി, വെനിസ്വേല, മെക്സിക്കോ, ഓസ്ട്രേലിയ, അർജന്റീന നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾ കൗമാരക്കാരുടെ സം​ഗമത്തിനായി രജിസ്റ്റർ ചെയ്തിരുന്നു.

വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ്

ജപമാലയും കീബോർഡും ആത്മീയ പ്രചരണത്തിൽ സംയോജിപ്പിച്ച കൗമാരക്കാരനായിരുന്നു കാർലോ അക്യുട്ടിസ്. 2006-ൽ പതിനഞ്ചാം വയസിൽ രക്താർബുദം ബാധിച്ച് മരിച്ച കാർലോ അക്യുട്ടിസ് അനൗപചാരികമായി "ദൈവത്തിന്റെ ഇൻഫ്ളുവൻസർ" എന്നാണ് അറിയപ്പെട്ടിരുന്നത്.

ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന കാർലോ 11–ാം വയസിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി ശ്രദ്ധേയനായി.

വിശുദ്ധ പദവിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി 2020-ൽ കാർലോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ചു, പാൻക്രിയാസിനെ ബാധിക്കുന്നരോഗമുള്ള ഒരു ബ്രസീലിയൻ കുട്ടിയെ സുഖപ്പെടുത്തിയ ആദ്യത്തെ അദ്ഭുതത്തിനു ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്.

കാർലോയുടെ മധ്യസ്ഥതയിൽ കോസ്റ്ററിക്കയിൽ നിന്നുള്ള കൗമാരക്കാരി ഫ്ലോറൻസിൽ വിദ്യാർഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെത്തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചതോടെ വിശുദ്ധരുടെ ഗണത്തിലേക്കു ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.