കൊച്ചി: ജീവിതത്തിന്റെ ആനന്ദത്തെക്കുറിച്ചും ജീവിതത്തില്‍ പുലരേണ്ട പ്രത്യാശയെക്കുറിച്ചും നിരന്തരം ഉദ്‌ബോധിപ്പിച്ച ഇടയനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പായെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ അനുസ്മരിച്ചു. യശശരീരനായ ഫ്രാന്‍സിസ് പാപ്പായ്ക്ക് പ്രണാമം അര്‍പ്പിച്ചിച്ച് അതിരൂപത സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് പാപ്പായില്‍ നിന്ന്ു സഹോദര നിര്‍വിശേഷമായ സ്‌നേഹം അനുഭവിക്കാന്‍ തനിക്ക് സാധിച്ചുവെന്ന് കാതോലിക്കാ ബാവാ അനുസ്മരിച്ചു. എളിമയുടെ ആള്‍ രൂപമായിരുന്നു പാപ്പായെന്നതാണ് തന്റെ വ്യക്തിപരമായ അനുഭവമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതിരൂപതയുടെ മുന്‍ മേലധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ത്തോമാ സഭയുടെ പ്രതിനിധി മാത്യൂസ് മാര്‍ സെറാഫിം മെത്രാപ്പോലീത്താ, യാക്കോബായ സഭാ പ്രതിനിധി തിമോത്തെയോസ് മോര്‍ മാത്യൂസ് മെത്രാപ്പോലീത്താ, സി.എസ്.ഐ സഭാപ്രതിനിധി ബിഷപ് റൈറ്റ് ഡോ. തോമസ് സാമുവല്‍, കുറിച്ചി അദ്വൈത വിദ്യാശ്രമം അംഗം സ്വാമി വിശാലാനന്ദ, പുതൂര്‍പ്പള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്റ് അഡ്വ. റ്റി.പി അബ്ദുള്‍ ഹമീദ്, പ്രോട്ടോസിഞ്ചെള്ളൂസ് ഫാ. ആന്റണി എത്തക്കാട്, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി.
സിഞ്ചെള്ളൂസുമാരായ ഫാ. മാത്യു ചങ്ങങ്കരി, ഫാ. സ്‌കറിയ കന്യാകോണില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളേക്കല്‍, ചാന്‍സലര്‍ ഫാ. ജോര്‍ജ് പുതുമനമൂഴിയില്‍, മെത്രാപ്പോലീത്തന്‍ പള്ളിവികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പളളിയില്‍ നടത്തപ്പെട്ട അനുസ്മരണ കുര്‍ബാനയ്ക്കും ഒപ്പീസ് പ്രാര്‍ഥനയ്ക്കും മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്താ കാര്‍മികത്വം വഹിച്ചു. അതിരൂപതയിലെ വൈദികര്‍, സന്യസ്തര്‍, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.