ഇ.പി ജയരാജന്‍ മത്സരിക്കില്ല, പി ജയരാജന് സീറ്റായിട്ടില്ല; ഷൈലജ ടീച്ചറും ഗോവിന്ദന്‍ മാസ്റ്ററും സീറ്റുറപ്പിച്ചു

ഇ.പി ജയരാജന്‍ മത്സരിക്കില്ല,  പി ജയരാജന് സീറ്റായിട്ടില്ല; ഷൈലജ ടീച്ചറും ഗോവിന്ദന്‍ മാസ്റ്ററും സീറ്റുറപ്പിച്ചു

സിപിഎമ്മില്‍ ശക്തമായ കണ്ണൂര്‍ ലോബിയുടെ നെടുനായകന്‍മാരാണ് ഇ.പി ജയരാജന്‍, പി ജയരാജന്‍, എം.വി ജയരാജന്‍ എന്നിവര്‍. ജയരാജന്‍മാരില്‍ ആരെങ്കിലും മത്സരിക്കാത്ത ഒരു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത കാലത്തൊന്നും കണ്ണൂരില്‍ ഉണ്ടായിട്ടില്ല.

എന്നാല്‍ ഇത്തവണ ജയരാജ ത്രയങ്ങളില്‍ ആരും അങ്കത്തിനുണ്ടാകാനിടയില്ല എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. മത്സരിക്കാനില്ലെന്ന് ഇ.പി വ്യക്തമാക്കിക്കഴിഞ്ഞു. മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും പി ജയരാജന്റെ കാര്യം സംസ്ഥാന കമ്മിറ്റി തീരുമാനിക്കണം. ചികിത്സകഴിഞ്ഞ് പൂര്‍ണ വിശ്രമത്തിലുള്ള എം.വി ജയരാജനും മത്സര രംഗത്തുണ്ടാവില്ല.

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഇക്കാര്യം അദ്ദേഹം ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. മത്സര രംഗത്തു നിന്നു മാറി നില്‍ക്കാന്‍ തീരുമാനിച്ചതോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ജയരാജനെ പരിഗണിക്കും എന്ന വാര്‍ത്തയും വരുന്നുണ്ട്.

ഇ.പി ജയരാജന്‍ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മണ്ഡലമായ മട്ടന്നൂരില്‍ ആരോഗ്യ മന്ത്രി കെ.കെ ഷൈലജയെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. മട്ടന്നൂരിനൊപ്പം പേരാവൂരും കല്ല്യാശ്ശേരിയും ശൈലജ ടീച്ചര്‍ക്ക് അനുയോജ്യമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നു. ഷൈലജ മത്സരിച്ച കൂത്തുപറമ്പ് ഘടകക്ഷിയായ എല്‍ജെഡിക്ക് നല്‍കിയേക്കും.

ഇപി ജയരാജന്‍ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ കണ്ണൂര്‍ ജില്ലക്കാരനായ മറ്റൊരു മുതിര്‍ന്ന നേതാവ് എംവി ഗോവിന്ദന്‍ മത്സരിക്കാന്‍ കളമൊരുങ്ങി. തളിപ്പറമ്പ് സീറ്റില്‍ നിന്ന് ഗോവിന്ദന്‍ മാസ്റ്ററെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. മറ്റൊരു മുതിര്‍ന്ന നേതാവായ പി ജയരാജനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചു പരാജയപ്പെട്ട പി ജയരാജന്റെ കാര്യത്തില്‍ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് കണ്ണൂര്‍ ഘടകം.

പയ്യന്നൂരില്‍ ടി.ഐ മധുസൂദനന്‍, കല്ല്യാശ്ശേരിയില്‍ എം വിജിന്‍, തലശേരിയില്‍ എ.എന്‍ ഷംസീര്‍ എന്നിങ്ങനെയാണ് മറ്റു സീറ്റുകളില്‍ നിലവില്‍ പരിഗണിക്കുന്ന പേരുകള്‍. യുഡിഎഫ് സിറ്റിങ് സീറ്റായ പേരാവൂരില്‍ ഇടത് സ്വതന്ത്രനെയിറക്കി ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് എല്‍ഡിഎഫ്. കെ.കെ ശൈലജയുടെ പേരും പേരാവൂരിലേക്ക് പരിഗണിക്കണം എന്ന് അഭിപ്രായമുണ്ടായെങ്കിലും പിണറായിക്ക് ശേഷം ഈ ഭരണകാലത്ത് സര്‍ക്കാരില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ച ശൈലജ ടീച്ചറെ സുരക്ഷിതമായ സീറ്റില്‍ മത്സരിപ്പിക്കണം എന്ന ചിന്തയും പാര്‍ട്ടിക്കുണ്ട്. ചികിത്സകഴിഞ്ഞ് പൂര്‍ണ വിശ്രമത്തിലുള്ള എം.വി ജയരാജനും മത്സര രംഗത്തുണ്ടാവില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.