ദയാവധം ഭയാനകം; വീടുകളും ആശുപത്രികളും അൾത്താരകളാക്കുക: പെറുവിലെ മെത്രാൻ സമിതി

ദയാവധം ഭയാനകം; വീടുകളും ആശുപത്രികളും അൾത്താരകളാക്കുക: പെറുവിലെ മെത്രാൻ സമിതി

പെറു: സ്വന്തം ജീവിതം അവസാനിപ്പിക്കാൻ നിയമപരമായ അനുവാദം ചോദിച്ചുകൊണ്ട് പെറുവിൽ നാല്പത്തി നാല് കാരി. ആന എസ്ട്രാഡ എന്ന സ്ത്രീ ആണ് സ്വന്തം ജീവിതം വൈദ്യസഹായത്താൽ അവസാനിപ്പിക്കാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചത്. രണ്ടുവർഷം മുൻപ് തുടങ്ങിയ നിയമയുദ്ധത്തിന് വിരാമമിട്ടുകൊണ്ട് ആന എസ്ട്രാഡയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച കോടതി വിധി വന്നു. പോളിയോ ബാധിച്ച് പന്ത്രണ്ടാം വയസ്സിൽ ശരീരം തളർന്നുപോയ ആന വീൽച്ചെയറിലും കട്ടിലിലുമായാണ് ജീവിതം നയിക്കുന്നത്.


ഈ വിധി വന്നതിനെത്തുടർന്നാണ് പെറുവിലെ മെത്രാന്മാർ വിധിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നത്. എന്തിന്റെ പേരിലായാലും ദയാവധം തെറ്റാണെന്നും ജീവിക്കാനുള്ള അവകാശത്തിനെതിരാണെന്നും മെത്രാന്മാർ പറഞ്ഞു. ഏത് സാഹചര്യത്തിലും ദയാവധം ഭയാനകമാണ്. മനുഷ്യന്റെ സംരക്ഷണമാണ് ഭരണഘടനയുടെ ലക്‌ഷ്യം എന്ന് പറയുന്ന ഭരണഘടനാ തത്ത്വങ്ങളെ പരാമർശിച്ചുകൊണ്ടാണ് മെത്രാന്മാർ ഈ വിധിക്കെതിരെ അഭിപ്രായപകടനം നടത്തിയത്. മനുഷ്യന്റെ ഗർഭധാരണം മുതൽ മരണം വരെ ജീവൻ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്ന അധികാരത്തിന് മറിച്ച് അനുവദിക്കാൻ ആവില്ല. എന്നാൽ ഈ അവസരത്തിൽ ആന എസ്ട്രാഡയുടെ ബുദ്ധിമുട്ടുകളും അവർ അനുഭവിക്കുന്ന ദുരിതവും തങ്ങൾ മനസിലാക്കുന്നു എന്നും മെത്രാൻ സമിതി പറഞ്ഞു. തങ്ങളുടെ പ്രാർത്ഥനയും സാമീപ്യവും ഉറപ്പ് നൽകുന്നു എന്നും ഇതുപോലെയുള്ള അവസരങ്ങളിൽ വിശ്വാസത്തിന്റെ അനുഭവത്തിൽനിന്ന് ദുരിതങ്ങൾക്ക് അർഥം കണ്ടെത്തണമെന്നും വീടുകളും ആശുപത്രികളും അൾത്താരയാക്കി മാറ്റിയവരുടെ ജീവിതത്തിൽനിന്നും പ്രചോദനം ഉൾക്കൊള്ളണമെന്നും മെത്രാൻ സമതി അഭിപ്രായപ്പെട്ടു.

ആന എസ്ട്രാഡയുടെ കേസിൽ മാത്രമാണ് ദയാവധം അനുവദിച്ച് കൊടുത്തിരിക്കുന്നത്. പെറുവിൽ മൂന്ന് വർഷത്തെ തടവാണ് ദയാവധത്തിനള്ള ശിക്ഷ . എന്നാൽ ഈ കേസിൽ ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകർക്കെതിരെ കേസുണ്ടാവില്ല. ഭാവിയിൽ ഇത്തരത്തിലുള്ള കേസുകൾക്ക് ഒരു നിയമാവലി ഉണ്ടാക്കാൻ അനുമതി വേണം എന്ന ആവശ്യം കോടതി തള്ളി. കേസിന്റെ വിചാരണ സമയത്ത് താൻ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നും എപ്പോൾ എങ്ങിനെ മരിക്കണം എന്ന് തീരുമാനിക്കാനുള്ള അനുവാദം മാത്രമാണ് താൻ ആവശ്യപ്പെട്ടതെന്നും എസ്ട്രാഡ പറഞ്ഞു.ഒരു കത്തോലിക്കാ രാജ്യമായ പെറുവിൽ ഈ വിധി വളരെ കോളിളക്കം സൃഷ്ടിച്ചേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.