പാക് കപ്പലുകളും വിമാനങ്ങളും തടയാനൊരുങ്ങി ഇന്ത്യ; അതിര്‍ത്തിയില്‍ പുതിയ നീക്കവുമായി പാകിസ്ഥാന്‍

പാക് കപ്പലുകളും വിമാനങ്ങളും തടയാനൊരുങ്ങി ഇന്ത്യ; അതിര്‍ത്തിയില്‍ പുതിയ നീക്കവുമായി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരായ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി പാക് കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കുമുള്ള അനുമതി ഇന്ത്യ നിഷേധിച്ചേക്കും.

പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ കടക്കുന്നതും പാക് കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖത്തെത്തുന്നതും തടയുന്നതിനുള്ള തീരുമാനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിമാനങ്ങള്‍ വ്യോമാതിര്‍ത്തി കടക്കുന്നത് പാകിസ്ഥാന്‍ നേരത്തേ നിരോധിച്ചിരുന്നു.

അതിനിടെ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഉടന്‍ സൈനികാക്രമണം ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.

'ഇന്ത്യയില്‍ നിന്നുണ്ടാകാന്‍ സാധ്യതയുള്ള ആക്രമണത്തെക്കുറിച്ച് സൈന്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഞങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെങ്കില്‍ മാത്രം ആണവായുധ ശേഖരം ഉപയോഗിക്കും'- ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരരില്‍ രണ്ട് പേര്‍ പാകിസ്ഥാനികളാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. കാശ്മീരികളായ ഭീകരവാദികളുടെ വീട് തകര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ തുടരുകയാണ്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്‍ഐഎ അന്വേഷണം തുടരുകയാണ്. ആക്രമണ സമയത്ത് മരത്തിന് മുകളില്‍ കയറി ഒളിച്ച പ്രദേശവാസിയായ പ്രധാന ദൃക്‌സാക്ഷിയുടെ മൊഴി എന്‍ഐഎയ്ക്ക് ലഭിച്ചു. ഭീകരര്‍ തിരിച്ച് പോകുന്നതടക്കം കണ്ട ഇയാള്‍ പൊലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്‍ഐഎയും ഇയാളെ ബൈസരണ്‍വാലിയില്‍ എത്തിച്ച് തെളിവെടുത്തു.

പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് വിവരം. മുള്ളുവേലി മുറിച്ച് മാറ്റി നുഴഞ്ഞ് കയറിയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. സാംബ, കത്തുവ മേഖല വഴിയാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്.

കാട്ടില്‍ ഒളിക്കാന്‍ പരിശീലനം കിട്ടിയ ഹുസൈന്‍ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുല്‍ഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവര്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍. അനന്ത്‌നാഗിലെ മലനിരകളില്‍ സംഘം ഇപ്പോഴുണ്ടെന്നാണ് സുരക്ഷ സേനയുടെ അനുമാനം.

അതിനിടെ ഇന്ത്യയില്‍ നിന്നുണ്ടായേക്കാവുന്ന ആക്രമണം ഭയന്ന് പാക് സൈന്യം കൂടുതല്‍ റഡാറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.

സിയാല്‍കോട്ട് സെക്ടറിലാണ് റഡാര്‍ സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ഇന്ത്യയുടെ നീക്കങ്ങള്‍ കണ്ടെത്താന്‍ ഇലക്ട്രോണിക് വാര്‍ഫെയര്‍ ഡിറ്റാച്ച്‌മെന്റുകള്‍ ഫിറോസ്പൂര്‍ സെക്ടറിലേക്ക് എത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.