പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു; മംഗളൂരുവില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു

പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു; മംഗളൂരുവില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു

മംഗളൂരു: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രവാക്യം വിളിച്ചെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ചയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിഷയം ഗൗരവമായി അന്വേഷിക്കുന്നതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കര്‍ണാടക സ്വദേശിയാണോ, ഇതര സംസ്ഥാനത്ത് നിന്നുള്ളയാളാണോ എന്ന് അറിയില്ലെന്നും അദേഹം പറഞ്ഞു.

ക്രിക്കറ്റ് മത്സരത്തിനിടെ 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചതായി ആരോപിച്ചാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായതെന്നും സംഭവം അങ്ങേയറ്റം ആശങ്കാ ജനകമാണെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പത്ത് ടീമുകളാണ് പങ്കെടുത്തിരുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം നൂറിലേറെ പേര്‍ സ്ഥലത്തുണ്ടായിരുന്നു. സച്ചിന്‍ എന്നയാളും കൊല്ലപ്പെട്ടയാളും തമ്മിലാണ് ആദ്യം വാക്കേറ്റമുണ്ടായത്. പിന്നീട് ഇത് കൂട്ടമായ ആക്രമണത്തില്‍ കലാശിച്ചു.

ചിലര്‍ അക്രമികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിരന്തരം ചവിട്ടിയും വടികൊണ്ടടിച്ചും പ്രതികള്‍ യുവാവിനെ ആക്രമിച്ചു. പിന്നീട് വൈകുന്നേരം അഞ്ചരയോടെയാണ് യുവാവിനെ ക്ഷേത്രത്തിന് സമീപം മരിച്ച നിലയില്‍ കണ്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്വാഭാവിക മരണമെന്നാണ് ആദ്യം സംശയിച്ചതെന്ന് പൊലീസ് കമ്മീഷണര്‍ ആനുപം അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ ക്രിക്കറ്റ് മത്സരത്തിനിടെ യുവാവ് ആക്രമിക്കപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു.

തുടര്‍ച്ചയായ മര്‍ദനവും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടായിരുന്നു. മംഗളുരുവില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നും സമയത്ത് വൈദ്യ സഹായം ലഭിക്കാത്തും മരണത്തിന് കാരമായെന്നും കമ്മീഷണര്‍ പറഞ്ഞു.

ആക്രമണത്തില്‍ ഏകദേശം 25 ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്കൂകൂട്ടല്‍. ആള്‍ക്കൂട്ട കൊലാപതകം ഉള്‍പ്പെടുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.