മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുക 133 കര്‍ദിനാൾമാർ; കോൺക്ലേവിന്റെ ദൈർഘ്യം കൂടാൻ സാധ്യതയെന്ന് ജർമ്മൻ കർദിനാൾ

മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുക 133 കര്‍ദിനാൾമാർ; കോൺക്ലേവിന്റെ ദൈർഘ്യം കൂടാൻ സാധ്യതയെന്ന് ജർമ്മൻ കർദിനാൾ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ അടുത്ത പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിലേക്കാണ് ക്രൈസ്തവ ലോകം ഉറ്റുനോക്കുന്നത്. മെയ് ഏഴിന് പ്രാദേശിക സമയം വൈകിട്ട് 4.30ന് ആരംഭിക്കുന്ന കോൺക്ലേവ് 2013-ലെ ഫ്രാൻസിസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പിനേക്കാൾ ദൈർഘ്യമേറിയതാകാമെന്ന പ്രവചനവുമായി ജർമ്മൻ കർദിനാൾ റെയ്‌നർ മരിയ വോയൽക്കി.

"കഴിഞ്ഞ കോൺക്ലേവ് പോലെ വേഗത്തിൽ ഇത് നടക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഒരുപക്ഷേ ഞാൻ തെറ്റാണെന്ന് തെളിയിക്കപ്പെട്ടേക്കാം. അതിൽ ഞാൻ സന്തോഷിക്കും."- കർദിനാൾ പറഞ്ഞു.

ഫ്രാൻസിസ് മാർപ്പാപ്പയെ തിരഞ്ഞെടുത്ത 2013-ലെ കോൺക്ലേവ് രണ്ട് ദിവസം മാത്രമാണ് നീണ്ടുനിന്നത്., ആധുനിക ചരിത്രത്തിലെ ഏറ്റവും ചെറിയ കോൺക്ലേവുകളിൽ ഒന്നായിരുന്നു ഇത്.

കോൺക്ലേവിൽ 133 കർദിനാളുമാരാണ് പങ്കെടുക്കുകയെന്ന് വത്തിക്കാൻ സ്ഥിഥിരീകരിച്ചു. വോട്ടവകാശമുള്ള 135 പേരിൽ ഇറ്റാലിയൻ കർദിനാൾ ആഞ്ചെലോ ബെച്ചുവും സ്പെയിനിലെ കർദിനാൾ അൻറോണിയോ കനിസാരെ ലൊവേറയും ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കിയതോടെയാണ് അംഗസംഖ്യ സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വന്നത്.

വോട്ടവകാശമുള്ള 53 കർദിനാളുമാര്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്. ഇവരില്‍ ചിലർ യൂറോപ്യൻ ഇതര രാജ്യങ്ങളിലെ രൂപതകളുടെയും അതിരൂപതകളുടെയും തലവന്മാരോ വിദേശത്തോ കൂരിയയിലോ അപ്പസ്തോലിക് കാര്യാലയങ്ങളിലോ സേവനമനുഷ്ഠിക്കുന്നവരോ ആണ്.

വരാനിരിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുന്ന കർദ്ദിനാൾമാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനായി പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ് യുഎസ്എ പ്രാർത്ഥനാ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

കോൺക്ലേവിൽ പങ്കെടുക്കുന്നവരെ സഹായിക്കാൻ ചുമതലയുള്ളവരുടെ സത്യപ്രതിജ്ഞ മേയ് അഞ്ചിന് നടക്കും. കോൺക്ലേവിന് മുന്നോടിയായി മെയ് ഏഴിന് രാവിലെ പത്തിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾമാർ കുർബാനയിൽ പങ്കെടുക്കും. കർദിനാൾ തിരുസംഘത്തിന്റെ ഡീൻ കർദിനാൾ‍ ജിയോവാനി ബാറ്റിസ്റ്റ റേ ആയിരിക്കും മുഖ്യകാർമികൻ. വോട്ടർമാരായ കർദിനാൾമാർ ഉച്ചതിരിഞ്ഞ് 4.15ന് പൗളീൻ ചാപ്പലിൽ ഒത്തുചേർന്നിട്ടാവും സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിക്കൊണ്ട് സിസ്റ്റീൻ ചാപ്പലിലേക്കു നീങ്ങുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.