ഹൂതികളെ നിലയ്ക്കു നിര്‍ത്താന്‍ അമേരിക്കക്കൊപ്പം ബ്രിട്ടനും; യെമനില്‍ സൈനിക നടപടി തുടങ്ങി

ഹൂതികളെ നിലയ്ക്കു നിര്‍ത്താന്‍ അമേരിക്കക്കൊപ്പം ബ്രിട്ടനും; യെമനില്‍ സൈനിക നടപടി തുടങ്ങി

സനാ: ചെങ്കടലിനെ പോരാട്ട പോര്‍മുനയാക്കി മാറ്റുന്ന ഹൂതികളെ നിലയ്ക്കു നിര്‍ത്താന്‍ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടണും.

ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് സേന യമനില്‍ സൈനിക നടപടി ആരംഭിച്ചു. തലസ്ഥാനമായ സനായില്‍ നിന്ന് 24 കിലോ മീറ്റര്‍ പരിധിയിലെ നിരവധി കെട്ടിടങ്ങള്‍ക്കു നേരെയാണ് സൈന്യം ആക്രമണം നടത്തിയത്.

ചെങ്കടലിലും ഏദന്‍ കടലിലും കപ്പലുകള്‍ക്കു നേരെ ഉപയോഗിച്ച ഡ്രോണുകളുടെ നിര്‍മാണം ഇവിടങ്ങളിലായിരുന്നെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പറയുന്നത്. 2024 ജനുവരി-മെയ് മാസങ്ങളില്‍ ബൈഡന്‍ സര്‍ക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ ബ്രിട്ടനും പങ്കാളിയായിരുന്നെങ്കിലും പിന്നീട് മാറി നിന്നു.

ട്രംപ് ഭരണകൂടം മാര്‍ച്ച് 15 ന് പ്രഖ്യാപിച്ച 'ഓപ്പറേഷന്‍ റഫ് റൈഡറി'ല്‍ പങ്കാളിയായാണ് പുതിയ നീക്കം. പേവ് വേ നാല് മിസൈലുകളാണ് യമനില്‍ ബ്രിട്ടീഷ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചത്.

അമേരിക്കന്‍ സേനയും ഹൂതികള്‍ക്കെതിരെ ആക്രമണം തുടരുകയാണ്. ആഴ്ചകള്‍ക്കിടെ ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ ഇതുവരെ യു.എസ് ആക്രമണം നടത്തിയിട്ടുണ്ട്.യെമനിലെ ഹൂതികളെ പൂര്‍ണമായി നശിപ്പിക്കയെന്നത് അമേരിക്കയുടെ ലക്ഷ്യമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യു.എസ് വ്യോമസേന വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹൂതികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നല്‍കി.

യെമന്‍ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തി കേന്ദ്രങ്ങളിലും യുഎസ് വ്യോമാക്രമണം തുടരുകയാണ്. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് വ്യോമാക്രമണം ആരംഭിച്ചത്.

അമേരിക്കയുടെ ആക്രമണങ്ങള്‍ ഇനിയും കടുപ്പിക്കുമെന്നും ഹൂതികളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ഇറാന് അമേരിക്ക താക്കീത് കൊടുത്തിട്ടുണ്ട്. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യു.എസ് നടപടി.

ട്രംപ് രണ്ടാം തവണയും പ്രസിഡന്റായ ശേഷം മധ്യപൂര്‍വ ദേശത്ത് അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. 2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമാക്കി 100 ത്തിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.