പാകിസ്ഥാനിലെ ലഷ്‌കറെ തൊയ്ബയുടെ ആസ്ഥാനത്ത് വെച്ചാണ് പദ്ധതി തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റേയും (ഐഎസ്ഐ) ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടേയും സംയുക്ത പദ്ധതിയെന്ന് സൂചന നല്‍കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പ്രാഥമിക റിപ്പോര്‍ട്ട്.
മുതിര്‍ന്ന ഐഎസ്ഐ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് വിനോദ സഞ്ചാരികള്‍ക്കുനേരെ ആക്രമണം നടത്താനുള്ള ഗൂഢാലോചന ലഷ്‌കറെ തൊയ്ബ നടത്തിയതെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. പാകിസ്ഥാനിലെ ലഷ്‌കറെ തൊയ്ബയുടെ ആസ്ഥാനത്ത് വെച്ചാണ് പദ്ധതി തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പഹല്‍ഗാം ആക്രമണത്തില്‍ മുഖ്യപങ്കുവഹിച്ചതായി കണ്ടെത്തിയ ഹാഷ്മി മൂസ (സുലൈമാന്‍), അലി ഭായി (തല്‍ഹ ഭായി) എന്നീ ഭീകരര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് കസ്റ്റഡിലെടുത്തവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഈ രണ്ട് ഭീകരരും പാകിസ്ഥാനിലെ ലഷ്‌കറെ തൊയ്ബ പ്രവര്‍ത്തകരുമായി നിരന്തര ആശയ വിനിമയം പുലര്‍ത്തിയിരുന്നതായും പദ്ധതി നടപ്പാക്കുന്നതിനുള്ള സമയം, ആയുധങ്ങള്‍, പദ്ധതി നടപ്പാക്കല്‍ എന്നിവയെ കുറിച്ച് ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആക്രണത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായും ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു.അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക്, ഇലക്ട്രോണിക് തെളിവുകള്‍ അന്വേഷണ സംഘം വ്യാപകമായി ശേഖരിച്ചു. ആക്രമണം നടന്ന ബൈസരണില്‍ നിന്ന് ലഭിച്ച നാല്‍പതിലധികം വെടിത്തിരകള്‍ ബാലിസ്റ്റിക്- കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സംഭവ സ്ഥലത്തിന്റെ ത്രീഡി മാപ്പിങും സമീപ പ്രദേശങ്ങളിലെയുള്‍പ്പെടെ മൊബൈല്‍ ടവറില്‍ നിന്നുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. ഭീകരാക്രമണത്തിനടുത്ത ദിവസങ്ങളില്‍ ബൈസരണ്‍ പ്രദേശത്ത് സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗം വര്‍ധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പൂര്‍ണമായ വിവരങ്ങളും ശേഖരിച്ചുവരികയാണ്.
എന്‍ഐഎ ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ ഇതിനകം 2,800 ലേറെ പേരെ ചോദ്യം ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി 150 ഓളം പേര്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. കുപ്വാര, പുല്‍വാമ, അനന്ത്നാഗ്, ബാരാമുള്ള ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ തിരച്ചില്‍ തുടരുകയാണ്. വിവിധയിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും ശേഖരിക്കുന്നുണ്ട്.
ആക്രമണത്തിന് ഒരാഴ്ച മുന്‍പ്, ഏപ്രില്‍ 15 നാണ് ഭീകരര്‍ പഹല്‍ഗാമിലെത്തിയതെന്നാണ് എന്‍ഐഎയുടെ നിഗമനം. നാലിടങ്ങള്‍ ആക്രമണത്തിനായി ലക്ഷ്യമിട്ടെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞ മേഖലയായ ബൈസരണ്‍ തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ബൈസരണിലെ വിനോദ സഞ്ചാരികളെ രണ്ട് ദിവസം ഭീകരര്‍ നിരീക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.