കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനിടെ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനം. മരണത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
പി.എം.എസ്.എസ്.വൈ ബ്ലോക്ക് അത്യാഹിത വിഭാഗത്തില്‍ എംആര്‍ഐ യൂണിറ്റിന്റെ യുപിഎസില്‍ (ബാറ്ററി യൂണിറ്റ്) ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 7:45 ഓടെ താഴത്തെ നിലയിലാണ് പുക ഉയര്‍ന്നത്. സംഭവത്തിനിടെ അഞ്ച് പേര്‍ മരിക്കാനിടയായത് സംബന്ധിച്ചാണ് ദുരൂഹത ഉയര്‍ന്നത്. പുക ശ്വസിച്ചല്ല ഇവര്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ടി.സിദ്ദീഖ് എംഎല്‍എ അടക്കമുള്ളവര്‍ മരണത്തില്‍ ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലാണ് അഞ്ച് പേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്.
വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമബംഗാളുകാരിയായ ഗംഗ, വയനാട് സ്വദേശി നസീറ, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരുടെ മരണകാരണം സംബന്ധിച്ചാണ് വ്യക്തത വരുത്തുക. ഇതില്‍ ബംഗാള്‍ സ്വദേശി ഗംഗ ആശുപത്രിയിലെത്തും മുമ്പേ മരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ശ്രമം നടത്തി മരിച്ചതിനാല്‍ ഇവരുടെ മൃതദേഹമടക്കം പോസ്റ്റുമോര്‍ട്ടം ചെയ്യും.
അതേസമയം മെഡിക്കല്‍ കോളജിലെ താല്‍കാലിക കാഷ്വാലിറ്റി ഉടന്‍ സജ്ജമാകുമെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.