സീറോമലബാര്‍ സഭാകാര്യാലയത്തില്‍ പുതിയ നിയമനങ്ങള്‍

സീറോമലബാര്‍ സഭാകാര്യാലയത്തില്‍ പുതിയ നിയമനങ്ങള്‍

കൊച്ചി: സീറോമലബാര്‍സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, അസി. സെക്രട്ടറിയായി കോതമംഗലം രൂപതാംഗം ഫാ. ജോസഫ് കല്ലറക്കല്‍ എന്നിവരെ നിയമിച്ചു.

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി കമ്മീഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്ന തലശേരി അതിരൂപതാംഗം ഫാ. തോമസ് മേല്‍വെട്ടത്ത് കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് പുതിയ നിയമനങ്ങള്‍. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കലാണ് പെര്‍മനെന്റ് സിനഡിന്റെ അംഗീകാരത്തോടെ നിയമനങ്ങള്‍ നടത്തിയത്.

വിശ്വാസപരിശീലന കമ്മീഷന്റെ സെക്രട്ടറിയായ ബഹു. പാണംപറമ്പിലച്ചനെ ദൈവവിളിക്കായുള്ള കമ്മീഷന്‍ സെക്രട്ടറിയായി കൂടി പെര്‍മെനെന്റ് സിനഡിന്റെ അംഗീകാരത്തോടെ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് നിയമിച്ചു. ഫാ. തോമസ് മേല്‍വെട്ടത്തായിരുന്നു ഈ ചുമതലകൂടി നിര്‍വഹിച്ചിരുന്നത്.
ചങ്ങനാശേരി അതിരൂപതയുടെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ ഡയറക്ടറായി സേവനം ചെയ്തുവരുമ്പോഴാണ് ഫാ. ആന്‍ഡ്രൂസിന് 

സഭാകാര്യാലയത്തിലേക്കുള്ള നിയമനം ലഭിക്കുന്നത്. റോമിലെ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിശ്വാസപരിശീലന വിഷയത്തില്‍ അദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഫാ. ജോസഫ് കല്ലറക്കല്‍ കോതമംഗലം രൂപതയില്‍ വിശ്വാസപരിശീലന വിഭാഗം ഡയറക്ടര്‍ ചുമതല തുടര്‍ന്നുകൊണ്ടായിരിക്കും സഭയുടെ കേന്ദ്ര കാര്യാലയത്തില്‍ പുതിയ ഉത്തരവാദിത്വം നിര്‍വഹിക്കുന്നത്.

വിശ്വാസ പരിശീലന-ദൈവവിളി കമ്മീഷന്‍ സെക്രട്ടറിയായി കാലാവധി പൂര്‍ത്തിയാക്കുന്ന ഫാ. തോമസ് മേല്‍വെട്ടത്ത് തലശേരി അതിരൂപത മൈനര്‍ സെമിനാരി റെക്ടറും കത്തീഡ്രല്‍ വികാരിയുമായാണ് നിയമിതനായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.