ന്യൂയോര്‍ക്ക്: പിണക്കം മറന്ന് കുടുംബവുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി ബ്രിട്ടണിലെ ചാള്‍സ് രാജാവിന്റെ മകന്‍ ഹാരി രാജകുമാരന്‍.
'ക്യാന്‍സര്‍ ബാധിതനായ പിതാവ് എത്രനാള്‍ ഉണ്ടാകുമെന്ന് അറിയില്ല. ഇനിയും ഒരു കലഹത്തിന് താല്‍പര്യമില്ല. കുടുംബവുമായി അനുരഞ്ജനത്തിന് ഞാന്‍ ആഗ്രഹിക്കുന്നു'- ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ പല വെളിപ്പെടുത്തലുകളും നടത്തിയ ഹാരി പറഞ്ഞു.
തനിക്കും കുടുംബത്തിനും യു.കെയിലുണ്ടായിരുന്ന സുരക്ഷാ നിലവാരം താഴ്ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഹാരി സമര്‍പ്പിച്ച അപ്പീല്‍ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പിന്നാലെ ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹാരിയുടെ വെളിപ്പെടുത്തല്‍.
ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഇളയ മകനാണ് ഹാരി. രാജകുടുംബവുമായി അകന്ന് കഴിയുന്ന ഹാരിയും ഭാര്യ മേഗനും മക്കള്‍ക്കൊപ്പം അമേരിക്കയിലാണ് താമസം. സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ പരാജയപ്പെട്ടത് തന്നെ വല്ലാതെ തളര്‍ത്തിയെന്നും ഹാരി പറഞ്ഞു. ഈ സുരക്ഷാ കാരണങ്ങള്‍ മൂലം പിതാവ് തന്നോട് സംസാരിക്കുന്നില്ലെന്നും ഹാരി വെളിപ്പെടുത്തി.
'ഞാനും കുടുംബത്തിലെ ചിലരും തമ്മില്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഞാന്‍ എല്ലാം ക്ഷമിച്ചു. ഇനി വഴക്കിടുന്നതില്‍ അര്‍ത്ഥമില്ല. ജീവിതം വിലപ്പെട്ടതാണ്'- ഹാരി പറഞ്ഞു.
അമേരിക്കന്‍ നടി മേഗന്‍ മാര്‍ക്കിളുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ഹാരി രാജകുടുംബവുമായി അകന്നത്. രാജകുടുംബാംഗങ്ങളുടെ അവഗണനകളെ തുടര്‍ന്ന് രാജപദവികള്‍ ഉപേക്ഷിച്ച് ഹാരിയും മേഗനും യു.എസിലേക്ക് പോയി.
പിന്നാലെ 2020 ല്‍ ഹാരിക്കും കുടുംബത്തിനും യു.കെയിലുണ്ടായിരുന്ന സുരക്ഷയുടെ നിലവാരം താഴ്ത്തി. മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ക്ക് അവകാശപ്പെട്ട സ്വാഭാവികവും വിപുലവുമായ സുരക്ഷ ഹാരിക്ക് നല്‍കില്ല. തങ്ങള്‍ നേരിടുന്ന ഭീഷണികളെ ചെറുക്കാന്‍ ഉയര്‍ന്ന സുരക്ഷ വേണമെന്നാണ് ഹാരിയുടെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.